CrimeNEWS

തൃശൂരില്‍ ചെത്തുതൊഴിലാളിയെ കൂട്ടുകാരൻ വെട്ടിക്കൊന്നു, വെട്ടേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ, കാട്ടിലൊളിച്ച കൊലയാളിക്കായി ഊര്‍ജിത തിരച്ചില്‍

തൃശൂർ ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു. പൈങ്കുളം കുന്നുമ്മാർതൊടി വീട്ടിൽ വാസുദേവൻ(56) ആണ് മരിച്ചത്. വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമായ ഗിരീഷ് ആണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തി ഓടിപോകുകയായിരുന്ന ഗിരീഷിനെ മറ്റൊരു സുഹൃത്ത് ജയപ്രകാശ് (38) തടഞ്ഞുനിർത്തി കാര്യമന്വേഷിച്ചപ്പോൾ അയാളെയും ഗിരീഷ് വെട്ടി.

ജയപ്രകാശിനെ ഗുരുതര പരുക്കുകളോടെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരെയും വെട്ടി കാട്ടിലേക്ക് ഓടിപ്പോയ പ്രതി ഗിരീഷിനായി തെരച്ചിൽ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പാടശേഖരത്തോടു ചേർന്നുള്ള പറമ്പിലാണ് സംഭവം. ചെത്തുതൊഴിലാളികളും സുഹൃത്തുക്കളുമായ  വാസുദേവനും ഗിരീഷും ഒന്നിച്ച് രാവിലെ ചെത്തിനായി എത്തിയതായിരുന്നു. തുടർന്നുണ്ടായ തർക്കത്തിലാണ് വെട്ടേറ്റതെന്നാണ് പോലീസ് നിഗമനം.

കഴുത്ത് ആഴത്തിൽ മുറിഞ്ഞ നിലയിലായിരുന്നു വാസുദേവന്റെ മൃതദേഹം. മുഖത്തും കൈയിലും വെട്ടേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ ഇവർ തമ്മിൽ ശത്രുതയൊന്നും ഇല്ലായിരുന്നെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. പക്ഷേ രണ്ടുദിവസമായി ഗിരീഷ് അസ്വസ്ഥനായിരുന്നു.

രാവിലെ പതിവുപോലെ ഒന്നിച്ച് ജോലിക്കുപോയതായിരുന്നു.
വൈകുന്നേരമായപ്പോൾ അതിലൊരാൾ സുഹൃത്തിൻ്റെ ജീവനെടുത്തു എന്ന വാർത്ത വാഴാലിപ്പാടം നിവാസികൾക്ക് വിശ്വസിക്കാനായില്ല.

വെട്ടേറ്റുമരിച്ച വാസുദേവനും പ്രതിയായ ഗിരീഷും രാവിലെ കള്ളുചെത്താൻ തോട്ടത്തിലേക്ക് പോകുന്നതും ചെത്തിയിറക്കുന്നതും കൊണ്ടുപോകുന്നതുമെല്ലാം ഒന്നിച്ചായിരുന്നെന്ന് സഹപ്രവർത്തകരായ മറ്റ് ചെത്തുതൊഴിലാളികൾ പറഞ്ഞു.

കള്ളുചെത്തുന്ന മൂർച്ചയേറിയ കത്തികൊണ്ടാണ് വാസുദേവന്റെ കഴുത്തിൽ വെട്ടിയത്. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ് ചോര വാർന്നുപോയ നിലയിലായിരുന്നു മൃതദേഹം. തോട്ടത്തിനടുത്ത് അടയ്ക്കപറിക്കാൻ വന്നവർപോലും സംഭവം അറിഞ്ഞില്ല.
സംഭവം അറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് വാസുദേവൻ തോട്ടത്തിൽ മരിച്ചുകിടക്കുന്നത് കണ്ട് ചെറുതുരുത്തി പോലീസിൽ അറിയിച്ചത്.

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയപ്രകാശിന് രണ്ട് ശസ്ത്രക്രിയകൾ നടത്തി. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

വീടിനുസമീപത്തുള്ള കാടിനകത്തേക്ക് ഓടിപ്പോയ ഗിരീഷിൻ്റെ മൊബൈൽ ഫോൺ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രതിയുടെ മൊബൈൽ കണ്ടെത്തിയത് നിർണായകമാകും.

വാസുദേവന്റെ ഭാര്യ: ഉഷ, മക്കൾ: വിജീഷ്, വാസന്തി

Back to top button
error: