TechTRENDING

50 കോടി വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഓൺലൈനിൽ വിൽപ്പനയ്‌ക്ക് ! ഇന്ത്യ അടക്കം 84 രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്

സൻഫ്രാൻസിസ്കോ: ഏറ്റവും വലിയ ഡാറ്റാ ചോർച്ചകളുടെ കൂട്ടത്തിൽ ഒന്നുകൂടി. 50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം. സൈബർ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരു ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിൽ ഫോൺ നമ്പറുകൾ വിൽപ്പനയ്ക്ക് വച്ചുകൊണ്ടുള്ള ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ഇത് പ്രകാരം 487 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്തൃ മൊബൈൽ നമ്പറുകളുടെ 2022 ഡാറ്റാബേസ് വിൽക്കുന്നുവെന്ന് അവകാശപ്പെടുന്നു. യുഎസ്, യുകെ, ഈജിപ്ത്, ഇറ്റലി, സൗദി അറേബ്യ, ഇന്ത്യ അടക്കം 84 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകളാണ് ഡാറ്റാബേസിൽ അടങ്ങിയിരിക്കുന്നത് എന്നാണ് വിവരം.

ഫിഷിംഗ് ആക്രമണത്തിന് ആക്രമണകാരികളാണ് ഈ ചോർന്ന വിവരങ്ങൾ കൂടുതലായി ഉപയോഗിക്കാൻ സാധ്യത. അതിനാൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും ഒഴിവാക്കുന്നത് നല്ലതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചോർന്ന വിവരങ്ങളിൽ 32 ദശലക്ഷത്തിലധികം യുഎസ് ഉപയോക്തൃ വിവരങ്ങൾ ഉണ്ടെന്ന് ഈ കാര്യം റിപ്പോർട്ട് ചെയ്ത ത്രൈഡ് ആക്ടർ അവകാശപ്പെടുന്നു. അതുപോലെ, ഈജിപ്തിൽ 45 ദശലക്ഷവും ഇറ്റലിയിൽ 35 ദശലക്ഷവും സൗദി അറേബ്യയിൽ 29 ദശലക്ഷവും ഫ്രാൻസിൽ 20 ദശലക്ഷവും തുർക്കിയിൽ 20 ദശലക്ഷവുമാണ് ഈ ഡാറ്റബേസിലെ ഉപയോക്താക്കളുടെ ചോർന്ന വിവരങ്ങളുടെ എണ്ണം. ഡാറ്റാബേസിൽ ഏകദേശം 10 ദശലക്ഷത്തോളം റഷ്യൻ, 11 ദശലക്ഷത്തിലധികം യുകെ പൗരന്മാരുടെ ഫോൺ നമ്പറുകൾ ഉണ്ടെന്നും അവകാശവാദമുണ്ട്.

യുഎസ് ഡാറ്റാസെറ്റ് 7,000 ഡോളറിന് (ഏകദേശം 5,71,690 രൂപ) വിൽക്കുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു. യുകെ, ജർമ്മനി ഡാറ്റാസെറ്റുകൾക്ക് യഥാക്രമം 2,500 ഡോളർ (ഏകദേശം 2,04,175രൂപ), 2,000 ഡോളർ (ഏകദേശം 1,63,340 രൂപ) എന്നിങ്ങനെയാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വില. വിൽപ്പനക്കാരൻറെ അവകാശവാദം പൂർണ്ണമായും ശരിയാണോ എന്നത് റിപ്പോർട്ടിൽ പറയുന്നില്ല. അതേ സമയം വൻതോതിലുള്ള ഡാറ്റാ സെറ്റുകൾ സ്‌ക്രാപ്പ് ചെയ്‌തവയായിരിക്കാം ഇതെന്നാണ് അനുമാനം. വാട്ട്‌സ്ആപ്പിന്റെ സേവന നിബന്ധനകൾ ലംഘിച്ച് അവ നേടിയതാകാം ഇവയെന്നും കരുതുന്നു. എന്നിരുന്നാലും, എല്ലാ നമ്പറുകളും മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിലെ സജീവ ഉപയോക്താക്കളുടേതാണ് തൻറെ കയ്യിലെ ഡാറ്റ എന്നാണ് വിൽപ്പനയ്ക്ക് വച്ച് ഹാക്കർ അവകാശപ്പെടുന്നത്.

Back to top button
error: