തട്ടിപ്പുകൾക്ക് തല വച്ചു കൊടുക്കുന്നത് മലയാളിക്ക് പുത്തരിയല്ല. ബ്ലേഡ് കമ്പനികളിലും ആട്- മാഞ്ചിയം ചതിക്കുഴികളിലും വീണ് കിടപ്പാടം വരെ നഷ്ടപ്പെട്ട് പെരുവഴിയിലായ ആയിരങ്ങളുടെ കഥകൾ പതിവായി കേൾക്കാറുള്ളതാണ്. ഇപ്പോഴിതാ ആട് വളർത്തൽ പദ്ധതിയുടെ പേരിൽ വീണ്ടും 30 കോടി രൂപയിലധികം തട്ടിയെടുത്തതായി പരാതി. ഹലാൽ രീതിയിൽ വരുമാനമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് പണം നഷ്ടപ്പെട്ടവർ പറഞ്ഞു.
മതവിശ്വാസമനുസരിച്ച് വരുമാനമെന്ന വാഗ്ദാനത്തിലാണ് എല്ലാവരും പണം നിക്ഷേപിച്ചത്. 25000 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചത് നൂറ് കണക്കിനാളുകൾ. മലപ്പുറം അരീക്കോടിന് അടുത്ത് ഊർങ്ങാട്ടിരിയിലുള്ള ഹലാൽ ഗോട് ഫാം എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. പണം നിക്ഷേപിച്ചവർക്ക് തുടക്കത്തിൽ നിക്ഷേപത്തിന് അനുസരിച്ച് ലാഭവിഹിതം നൽകി. കൂടുതൽ നിക്ഷേപമെത്തിയതോടെയാണ് കബളിപ്പിക്കൽ തുടങ്ങിയത്.
വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പദ്ധതി വിശദീകരിച്ച് സന്ദേശമയച്ചാണ് ആളുകളെ ആകർഷിച്ചത്. തട്ടിപ്പിനിരയായവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നല്‍കിയതിനൊപ്പം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. 130ലധികം പേർ ഒപ്പിട്ടാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്.