CrimeNEWS

ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന കുട്ടിക്കള്ളന്മാര്‍ പിടിയില്‍; ചില്ലറ നോട്ടാക്കിയതോടെ കുടുങ്ങി

തിരുവന്തപുരം: നെടുമങ്ങാട്ടെയും പരിസരങ്ങളിലെയും ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തിയിരുന്ന സംഘം ഒടുവില്‍ പോലീസിന്റെ വലയിലായി. ഒരുമാസമായി പോലീസിനെ വട്ടംചുറ്റിച്ച കേസിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്.

ഇരിഞ്ചയം വേട്ടംപള്ളി കിഴക്കുംകരവീട്ടില്‍ രഞ്ജിത്ത് (20) ആണ് സംഘത്തിലെ പ്രധാനി. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ 16 വയസിന് താഴെയുള്ളവരാണ്. ഇവര്‍ നേരത്തെ തന്നെ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍പ്പെട്ട് ശിക്ഷയനുഭവിച്ചിട്ടുള്ളവരാണ്. ഇവരുടെ പേരില്‍ ആറു കേസുകള്‍ നിലവിലുണ്ട്. ഒരേക്ഷേത്രത്തില്‍ത്തന്നെ മൂന്നുവട്ടം മോഷണം നടന്നതോടെ വലിയ ആക്ഷേപങ്ങള്‍ക്കിട നല്‍കിയിരുന്നു.

Signature-ad

പാങ്കാവ് ധര്‍മശാസ്താക്ഷേത്രത്തിലെ ശ്രീകോവിലിനകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കോവില്‍ കുത്തിത്തുറന്ന് 4000 രൂപ മോഷ്ടിച്ചുകൊണ്ടായിരുന്നു മണ്ഡലകാലത്ത് സംഘത്തിന്റെ മോഷണ പരമ്പരയ്ക്ക് തുടക്കം.

മൂഴിമണ്ണയില്‍ ദേവീക്ഷേത്രം, കൈപ്പള്ളി തമ്പുരാന്‍ ക്ഷേത്രം, തിരിച്ചിറ്റൂര്‍ മഹാദേവ ശിവക്ഷേത്രം, കരിമ്പിന്‍കാവ് ധര്‍മശാസ്താക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാന്‍ സ്വാമിക്ഷേത്രം എന്നിവിടങ്ങളിലും പ്രതികള്‍ മോഷണം നടത്തിയിരുന്നു. മോഷണം നടത്തിയ പണം16 വയസിന് താഴെയുള്ള കുട്ടിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

ഈ കുട്ടിയുടെ വീട്ടില്‍ പോലീസെത്തുമ്പോള്‍ ഒരു പ്ലാസ്റ്റിക് ചാക്കില്‍ നിറയെ നാണയങ്ങള്‍ കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. മോഷണ മുതലുകള്‍ വിറ്റ് പ്രതികള്‍ ലഹരിവസ്തുക്കള്‍ വാങ്ങാനാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

നെടുമങ്ങാട് ഭാഗത്തെ എല്ലാ കടകളിലും കയറി ആരെല്ലാമാണ് ചില്ലറ നാണയങ്ങള്‍ മാറ്റിയെടുക്കാന്‍ എത്തുന്നതെന്ന് പോലീസ് അന്വേഷിച്ചു. അങ്ങനെ ഇരിഞ്ചയം ഭാഗത്തുള്ള ഒരു ബേക്കറിയില്‍ തലമുടി നീട്ടിവളര്‍ത്തിയ പയ്യന്‍ 1500 രൂപവീതം രണ്ടുദിവസത്തിലൊരിക്കല്‍ ചില്ലറ നല്‍കി നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയതായി മനസിലാക്കി.

പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. നെടുമങ്ങാട്, നേമം, വട്ടിയൂര്‍ക്കാവ്, അരുവിക്കര സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ കുട്ടികള്‍ പ്രതിയാണ്. പോലീസിനെ കണ്ട് പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇതില്‍ 16 വയസുകാരനായ ഒരു പ്രതി ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരുമാസം പോലുമായില്ല.

 

Back to top button
error: