CrimeNEWS

കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി പ്ലഗ് അഴിച്ചുമാറ്റി തുടര്‍ച്ചയായി ബൈക്ക് മോഷണം; ‘യുവ മോഷ്ടാവ്’ പിടിയില്‍

കല്‍പ്പറ്റ: ഏഴു ബൈക്കുകള്‍ മോഷ്ടിച്ച് ആറെണ്ണം പൊളിച്ച് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. ബീനാച്ചി കട്ടയാട് റൊട്ടിക്കടയില്‍ വീട്ടില്‍ എം ഷഫീഖ് (29) ആണ് ബത്തേരി പോലീസിന്റെ പിടിയിലായത്. അഞ്ചു മാസത്തിനിടെയാണ് യുവാവ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

ജൂലൈയിലും ഒക്ടോബര്‍ 16നും ബത്തേരി കെഎസ്ആര്‍ടിസി പരിസരത്തു നിന്നും ഓഗസ്റ്റ് 24, സെപ്റ്റംബര്‍ 13, ഒക്ടോബര്‍ 10, 16, 31 തീയതികളില്‍ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു നിന്നും കഴിഞ്ഞ ഒക്ടോബര്‍ 24ന് പനമരം ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്‍പില്‍ നിന്നുമാണ് ഇയാള്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. അന്വേഷണത്തിനിടെ ബൈക്ക് മോഷണ പോയ സ്ഥലങ്ങളില്‍ പലയിടത്തും ഹെല്‍മറ്റും കോട്ടും ധരിച്ച് നടന്നു നീങ്ങുന്ന ആളെ സിസി ടിവികളില്‍ കണ്ടെത്തി.

പക്ഷേ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍, ഹെല്‍മറ്റ് പ്രത്യേക നിറത്തിലുള്ളതായിരുന്നു. ഇതേ ഹെല്‍മറ്റ് ധരിച്ച് കോളിയാടിയിലൂടെ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ വ്യക്തമായതോടെ ഷഫീഖിലേക്ക് അന്വേഷണമെത്തി. അയാളുടെ വീട്ടില്‍ നിന്ന് ഹെല്‍മറ്റ് കൂടി കണ്ടെടുത്തതോടെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇന്നലെ ഉച്ചയോടെ അറസ്റ്റു ചെയ്യുകയായിരുന്നു.പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.

ബൈക്ക് മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് മുന്‍കൂട്ടി വന്ന് ഏറെ നേരം നിരീക്ഷിച്ച ശേഷം കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി ബൈക്കിന്റെ പ്ലഗ് അഴിച്ചുമാറ്റിയ ശേഷം വണ്ടി കൊണ്ടുപോവുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനായി ഷഫീഖ് എത്തിയ ബൈക്ക് അര കിലോമീറ്റര്‍ മാറി നിര്‍ത്തിയിടും. ബൈക്ക് മോഷ്ടിച്ച ശേഷം പിന്നീട് വന്ന് കൊണ്ടുപോകും. ഒരു ബൈക്കൊഴികെ ബാക്കിയെല്ലാം വില്‍പനയ്ക്കായി ഷഫീഖ് പൊളിച്ച് പാര്‍ട്സുകളാക്കിയിരുന്നു. മിക്കതും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ഒരു ബൈക്കും വില്‍ക്കാനായി സൂക്ഷിച്ചിരുന്ന ബാക്കി പാര്‍ട്സുകളും ഷഫീഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറയുന്നു.

 

 

Back to top button
error: