‘നഗ്നരായി 2500 പേർ കടൽത്തീരത്ത് ഒത്തുകൂടി’ എന്നു കേൾക്കുമ്പോൾ എല്ലാവർക്കും അതിശയം ഉണ്ടാകും. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് സ്ത്രീകളും പുരുഷന്‍മാരുമായി ആയിരങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് 2500 പേർ നഗ്നരായിനിന്നത്. എന്നാൽ ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു.
അതെന്തായിരിക്കും എന്നാവാം ഓരോരുത്തരും ചിന്തിക്കുന്നത്. എങ്കിൽകാര്യം അറിയുമ്പോൾ കൗതുകത്തിനു പകരം അത്ഭുതമായിരിക്കും തോന്നുക.
സ്‌കിൻ ക്യാൻസർ മൂലം ഓസ്‌ട്രേലിയയിൽ ഓരോ വർഷവും മരിക്കുന്നത് 2500ലധികം പേരാണ്. വർഷംതോറും കാൻസർ രോഗികളുടെ എണ്ണം ഓസ്‌ട്രേലിയയിൽ കൂടിവരുന്നു. സ്കിൻ കാൻസറിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു നഗ്നരായി 2500 പേര്‍ സിഡ്‌നിയിലെ കടപ്പുറത്ത് ഒത്തുചേർന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സ്കിൻ ക്യാൻസർ രോഗികൾക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. സൂര്യകിരണങ്ങളിൽ നിന്നുള്ള റേഡിയേഷനാണ് സ്കിൻക്യാൻസറിന് കരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ചാരിറ്റി ചെക്ക് ചാമ്പ്യന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നഗ്ന ഫോട്ടോഷൂട്ട് ചെയ്യുന്നതില്‍ പ്രശസ്തനാണ് ട്യൂണിക്. 2010ല്‍ സിഡ്‌നി ഓപ്പറ ഹൗസില്‍ 5200 ഓസ്ട്രേലിയക്കാര്‍ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവില്‍ സംവിധാനം ചെയ്തത്.