‘പ്ലസ് ടു, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യിലെ ടീസർ റിലീസ് ചെയ്തു. ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ എന്ന സംഭാഷണത്തോടെ എത്തിയ ടീസർ ഏറെ ശ്രദ്ധനേടുകയാണ്. പൊലീസ് അന്വേഷണത്തെ തുടർന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളിൽ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയിൽ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിൻറെ സഞ്ചാരം ആണ് ഈ സിനിമ പറയുന്നത്.
നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. എസ്.വി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന കാക്കിപ്പട നിർമ്മിച്ചിരിക്കുന്നത്.
‘Delay in Justice, is Injustice’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.