KeralaNEWS

കാല്‍നടയായി ഹജ്ജ് യാത്ര: പാകിസ്താന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഷിഹാബ് ചോറ്റൂര്‍

ചണ്ഡീഗഡ്: മക്കയിലേക്ക് ഹജ്ജിനായുള്ള കാല്‍നടയാത്രക്കിടെ തനിക്ക് പാകിസ്താന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഷിഹാബ് ചോറ്റൂര്‍. ട്വിറ്ററിലാണ് ശിഹാബ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഇതുവരെ പാകിസ്താന്‍ കോടതിയെ സമീപിച്ചിട്ടില്ല. ഒരു പാകിസ്താന്‍ പൗരനാണ് ഷിഹാബിന് വിസയ്ക്കായി കോടതിയെ സമീപിച്ചത്. ഇതാണ് കോടതി തള്ളിയത്. ഇത്തരം വ്യാജവാര്‍ത്തകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ഷിഹാബ് അഭ്യര്‍ഥിച്ചു.

തന്റെ യാത്ര എത്രയുംപെട്ടെന്ന് പുനരാംഭിക്കുമെന്നും ഷിഹാബ് വ്യക്തമാക്കി. കേരളത്തില്‍ നിന്നും 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഒരു പാകിസ്താന്‍ പൗരന്‍ ശിഹാബിനായി ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും ഹര്‍ജി സമര്‍പ്പിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ജൂണ്‍ രണ്ടിനാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ ഷിഹാബ് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാല്‍നടയായി സഞ്ചരിച്ച ഷിഹാബിന് പലയിടങ്ങളിലും വലിയ സ്വീകരണങ്ങളും ലഭിച്ചിരുന്നു. 8000 കിലോമീറ്ററില്‍ അധികം ദൂരമാണ് മലപ്പുറത്ത് നിന്ന് മക്കയിലേക്കുള്ളത്.

 

Back to top button
error: