ന്യൂഡല്‍ഹി: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ബവ്ലയില്‍ മോദി പങ്കെടുത്ത റാലിയുടെ നേര്‍ക്കു പറന്നെത്തിയ ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. അതേസമയം, ഡ്രോണില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചെങ്കിലും നിരോധിത മേഖലയില്‍ എന്തിന് അതു പറന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യാഴാഴ്ച ഗുജറാത്തില്‍ നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലന്‍പുര്‍, മൊഡാസ, ദാഹെഗാം, ബല്‍വ മേഖലകളിലായിരുന്നു പര്യടനം.