FoodLIFE

കുട്ടികളെ ജങ്ക് ഫുഡിന് അടിമയാക്കരുത്; മാതാപിതാക്കൾ ഇത് വായിക്കാതെയും പോകരുത്

ഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ… ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ  അറിയാനാണിത്.

 

ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ വിവരം.

 

ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ:

∙ 10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു.

∙ ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു.

∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും.

∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം.

∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം.

∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നു.

∙ മൂന്നുവയസ്സുള്ള കുട്ടികൾ മുതൽ സ്കൂൾ ബാഗായി ചുമക്കുന്നത് അമിതഭാരം. തോൾ, നട്ടെല്ല് വേദനയുടെ അടിസ്ഥാന കാരണം ഭാരിച്ച ബാഗുകൾ.

∙ സൗജന്യ പ്രതിരോധ കുത്തിവയ്പ് 100% കുട്ടികളിലേക്ക് എത്തുന്നില്ല. ഇതുമൂലം പല ഗുരുതരരോഗങ്ങളും കുട്ടികളെ കീഴ്പ്പെടുത്തുന്നു.

∙ കുട്ടികളിൽ ഭൂരിപക്ഷവും ടിവിക്കും മൊബൈലിനും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും അടിമകൾ. ഇത് ശാരീരിക-മാനസിക ആരോഗ്യത്തെ ഒരുപോലെ തകരാറിലാക്കുന്നു.

∙ കാഴ്ചത്തകരാറുകളാൽ കണ്ണടവയ്ക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം പതിൻമടങ്ങായി.

∙ കുട്ടികളിൽ നല്ലപങ്കും വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ. വഴിതെറ്റാനുള്ള സാധ്യതകളുമേറെ. പ്രധാനകാരണം കുടുംബത്തിലെ പ്രശ്നങ്ങളും രക്ഷിതാക്കളുമായി ആരോഗ്യകരമായ ആശയവിനിമയം ഇല്ലായ്മയും.

ഈ പറയുന്ന പ്രശ്നങ്ങളിലൊന്നുപോലും തങ്ങളുടെ കുട്ടികളെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുപറയാൻ കഴിയുന്ന എത്ര രക്ഷിതാക്കൾ കേരളത്തിലുണ്ട്? നന്നായി വളർത്തുന്നു എന്നു വിശ്വസിക്കുന്ന നമ്മുടെ കുട്ടികളുടെ ആരോഗ്യം ആശങ്കകളുടെ കുന്തമുനയിലാണെന്ന് ഈ വസ്തുതകൾ വ്യക്തമാക്കുന്നു.

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണു ചികിൽസകർ പറയുക. ആഹാരം നന്നായാൽ ആരോഗ്യം നന്നായി എന്നതു തന്നെ കാരണം; പ്രത്യേകിച്ചു കുട്ടിക്കാലത്ത്. നമ്മുടെ കുട്ടികളിൽ 70 ശതമാനത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കിയോ വേണ്ടത്ര കഴിക്കാതെയോ ആണ് ട്യൂഷനായും സ്കൂൾ ബസിനായും ഓടുന്നതെന്നാണ് ഐഐപി വിവിധ ജില്ലാ ഘടകങ്ങൾ സ്കൂളുകളിൽ നടത്തിയ സർവേയിൽ വ്യക്തമാക്കുന്നത്. പ്രഭാതഭക്ഷണം കഴിക്കാത്ത കുട്ടിയെ പഠിക്കാൻ വിട്ടാൽ അതുകൊണ്ടു ദോഷംമാത്രമേയുള്ളൂവെന്നു തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം അഡീഷനൽ പ്രഫസറും ഐഎപി സംസ്ഥാന പ്രസിഡന്റുമായ ഡോ. ആനന്ദകേശവൻ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ, നല്ല ഭക്ഷണം എന്നത് ഇഷ്ടഭക്ഷണം എന്ന നിലയിലേക്കു വഴിമാറുന്നതാണു പ്രശ്നം. അതിരാവിലെ ട്യൂഷനോടെ ആരംഭിക്കുന്ന ഒരു കുട്ടിയുടെ ദിനചര്യയിൽ രക്ഷിതാക്കൾ ആശ്വാസത്തോടെയും വിശ്വാസ്യതയോടും കൂടി നൽകിയിരുന്ന പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഈയിടെ രാജ്യമെങ്ങും നിരോധിച്ച മാഗി നൂഡിൽസ്. വീട്ടമ്മയ്ക്കു മിനിട്ടുകൾകൊണ്ടു പാകംചെയ്യാം. കുട്ടികൾക്ക് ഇഷ്ടവുമാണ്. അതായിരുന്നു മാഗി പ്രിയപ്പെട്ടതാക്കിയത്. പക്ഷേ, മാഗിയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസഘടകങ്ങൾ അനുവദനീയമായതിലും ഉയർന്നതോതിൽ അടങ്ങിയിട്ടുണ്ടെന്നു വ്യക്തമായതോടെയാണു ഇഷ്ടഭക്ഷണത്തിന്റെ കാര്യം എത്ര കഷ്ടമാണെന്നു വീട്ടമ്മമാർ തിരിച്ചറിഞ്ഞത്.

ഇത്തരം ഫാസ്റ്റ് ഫുഡ് രീതികളിലേക്കു കുട്ടികൾ അടുക്കുന്നതും അടിമപ്പെടുന്നതും സമയവും സൗകര്യവും നോക്കുന്ന രക്ഷിതാക്കളുടെ സമീപനം കൊണ്ടു തന്നെയാണെന്ന് ചൈൽഡ് ആൻഡ് അഡോളസന്റ് കൺസൽട്ടന്റ് ഡോ. എം.എൻ. വെങ്കിടേശ്വരൻ പറയുന്നു.

കുട്ടികളുടെ ഭക്ഷണം: ശ്രദ്ധിക്കേണ്ടത്

 

പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഏറ്റവും നന്നായി സമയമെടുത്തു തന്നെ കഴിക്കുന്നു എന്ന് ഉറപ്പാക്കുക.

 

∙വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. സ്കൂളിലേക്കു കൊടുത്തു വിടുന്നതും ഇതുമതി.

 

ആവിയിൽ പാകം ചെയ്ത (എണ്ണചേരാത്ത) ഇഡ്ഡലിയും പുട്ടുമെല്ലാം ഏറെ ഉത്തമമാണ്. ഇവയിൽ നിന്നു ശരീരത്തിനാവശ്യമായ ഊർജം മാത്രമല്ല, പോഷകങ്ങളും ധാതുക്കളുമെല്ലാം യഥേഷ്ടം കിട്ടും.

 

നാരുകൾ ഏറെയുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണങ്ങളാണു കുട്ടികളെ കഴിപ്പിച്ചു ശീലിപ്പിക്കേണ്ടത്. കൊഴുപ്പ് ഏറെയുള്ള മാംസഭക്ഷണം മിതമായി മതി. പ്രത്യേകിച്ചു വറുത്തതും പൊരിച്ചതുമായവ.

 

∙ ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണം ശീലമാക്കാതിരിക്കുക. ഫാസ്റ്റ് ഫുഡിനും പാനീയങ്ങൾക്കും കുട്ടികൾ അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മാഗി നൂഡിൽസിന്റെ കാര്യം തന്നെ സാക്ഷ്യം.

 

∙ ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമായി മതി. അതും രാത്രി എട്ടിനു മുൻപു തന്നെ കഴിക്കുക. ആഹാരം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ഉറക്കം പാടുള്ളൂ. ഇല്ലെങ്കിൽ ദഹനത്തെ ബാധിക്കും.

 

ദിവസവും കുറഞ്ഞത് ആറ്-എട്ട് ഗ്ലാസ് വെള്ളം കുട്ടികൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: