
ദോഹ : ഖത്തർ ലോകകപ്പിൽ കിരീടമോഹവുമായി എത്തിയ ടീമുകൾ ഓരോന്നായി തോറ്റു മടങ്ങുന്നതിനിടയിൽ ബ്രസീൽ നാളെ കളത്തിലിറങ്ങും.
സൗദി അറേബ്യയോട് അർജന്റീന 2–1 ന് പരാജയപ്പെട്ടതോടെ ലുസൈൽ സ്റ്റേഡിയത്തിൽ നാളെ രാത്രി 12.30 ന് നടക്കുന്ന ബ്രസീൽ സെർബിയ മത്സരം പതിവിലും ഏറെ ശ്രദ്ധ നേടുമെന്നുറപ്പായി. മുഖ്യ എതിരാളിയായ അർജന്റീന താരതമ്യേന ദുർബലരായ സൗദി അറേബ്യയോട് അട്ടമറിക്കപ്പെട്ട് തലതാഴ്ത്തി മടങ്ങേണ്ടി വന്നതോടെ സെർബിയയ്ക്ക് മുന്നിൽ ഗംഭീരമായൊരു വിജയത്തിൽ കുറഞ്ഞതൊന്നും ടിറ്റെയും പിള്ളേരും പ്രതീക്ഷിക്കുന്നില്ല.
വലിയ വിജയ ചരിത്രമൊന്നും പറയാനില്ലാത്ത സെർബിയയെ വിലകുറച്ച് കാണാതെയായിരിക്കും ബ്രസീൽ കളത്തിലിറങ്ങുക. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ചാണ് ബ്രസീൽ ഖത്തറിലെത്തിയത്. അഞ്ചിൽ നാല് വിജയവും ഒരു സമനിലയുമാണ് സെർബിയയുടെ പിൻബലം.
ഏറ്റവും ഒടുവിലെ മത്സരത്തില്‍ തുനീസിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയതാണ് ബ്രസീലിന്റെ മികവ്. സെർബിയയാവട്ടെ ബഹ്റൈനെ 5-1ന് കെട്ടിക്കെട്ടിച്ചതും.
സെർബിയയുമായി ഇതുവരെ ബ്രസീൽ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്. രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തർ ലോകകപ്പിൽ ആദ്യ അങ്കത്തിനിറങ്ങുന്ന ഇരുടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാനാണ് സാധ്യത. സൗദി അറേബ്യ, ജപ്പാൻ ടീമുകളെ പോലെ അട്ടിമറിക്കുള്ള സാധ്യതയും തള്ളാനാവില്ല.ഫലത്തിൽ ബ്രസീൽ നാളെ ചങ്കിടിപ്പോടെയാവും കളത്തിലിറങ്ങുക.






