തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തില്‍ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസില്‍ തിരുവനന്തപുരം നഗരസഭ മറുപടി നൽകുകയായിരുന്നു. പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനാൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലായിരുന്നു ഓംബുഡ്സ്മാൻ തിരുവനന്തപുരം നഗരസഭയ്ക്ക് നോട്ടീസ് അയച്ചത്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ആര്യാ രാജേന്ദ്രന്‍റെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയായ ആര്യ രാജേന്ദ്രന്‍റെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അന്വേഷണത്തിലേക്ക് നീങ്ങുക. പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്.
ആര്യയുടെ മൊഴിക്ക് ശേഷം ഓഫീസിലെ ജീവനക്കാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കേസ് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ആര് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചുവെന്ന കണ്ടെത്താൻ ശാത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും. കേസെടുത്ത് അന്വേഷണം വൈകിയതിനാൽ പല പ്രധാന തെളിവുകളും ഇതിനകം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.