LIFEMovie

‘സൂരരൈ പൊട്ര്’ എന്ന സൂപ്പർ ഹിറ്റ് പടത്തിന് ശേഷം രത്തൻ ടാറ്റയുടെ ജീവിതകഥ സിനിമയാക്കാൻ സുധ കൊങ്കര

‘സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയർ ഡെക്കാൺ സ്ഥാപകനും ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്റ്റനുമായ ജി ആർ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ദേശീയ അവാർഡും നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുമായിരുന്നു സുധ കൊങ്കര. ഇപ്പോഴിതാ സുധ കൊങ്കരയുടെ പുതിയൊരു ചിത്രത്തെ കുറിച്ചുള്ള വാർത്തയാണ് പുറത്തുവരുന്നത്.

പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റയുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യാൻ സുധ കൊങ്കര ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. രത്തൻ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തിന് ലഭ്യമല്ലാത്ത വിവരങ്ങൾ വരെ ചിത്രത്തിൽ ഉൾപ്പെടുത്തുമെന്ന് സുധ കൊങ്കരയുമായി അടുത്ത വാർത്താവൃത്തങ്ങൾ പറയുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ഒരു പ്രചോദനമാണ് രത്തൻ ടാറ്റ. അടുത്തവർഷം ആയിരിക്കും ചിത്രം തുടങ്ങുകയെന്നും ഇവർ പറയുന്നു.

ദേശീയ അവാർഡ് ജേതാവും മലയാളിയുമായ കീർത്തി സുരേഷും സുധ കൊങ്കരയും ഒന്നിക്കുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ‘കെജിഎഫി’ന്റെ നിർമാതാക്കളായ ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുണ്ട്. കീർത്തി സുരേഷ് ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തായാലും കീർത്തി ആരാധകർക്ക് ആവേശം പകരുന്ന ഒരു വാർത്തയാണ് ഇത്.

‘സൂരരൈ പൊട്ര്’ എന്ന സിനിമയിൽ സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യയായിരുന്നു നായകൻ. മലയാളികളുടെ പ്രിയ താരം അപർണ ബാലമുരളി നായികയുമായി എത്തി. ജി വി പ്രകാശ് കുമാറായിരുന്നു സംഗീത സംവിധായകൻ. ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. സൂര്യ തന്നെയായിരുന്നു ചിത്രം നിർമിച്ചത്. മികച്ച ഫീച്ചർ സിനിമയ്‍ക്കുള്ള ദേശീയ അവാർഡ് ‘സൂരരൈ പൊട്ര്’ നേടിയപ്പോൾ നടനായി സൂര്യയും നടിയായി അപർണ ബാലമുരളിയും പശ്ചാത്തല സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. രത്തൻ ടാറ്റയുടെ ജീവിത കഥയും സുധ കൊങ്കരയുടെ സംവിധാനത്തിൽ മികച്ച ഒരു സിനിമയാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: