കൊച്ചി: കളമശേരിയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകര്‍ തമ്മില്‍ തല്ലി. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. അര്‍ജന്റീന കളിക്കാരുടെ പേരില്‍ ചെറിയ നിലയില്‍ തുടങ്ങിയ വാക്‌പോര് തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു.
ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു മുന്‍പ് സമീപത്തുള്ള ബാറിനു മുന്നില്‍ ഗിരീഷ് എന്ന യുവാവിനെ ഒരാള്‍ നെഞ്ചില്‍ പിടിച്ചു തള്ളിയതാണ് ഏറ്റുമുട്ടലിന്റെ തുടക്കം. ഏറ്റുമുട്ടിയവര്‍ എല്ലാവരും അര്‍ജന്റീന ഫാന്‍സാണെങ്കിലും കളിക്കാരുടെ പേരു പറഞ്ഞായിരുന്നു വാക്‌പോര്. സമീപത്തു സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ കളി കണ്ടു കഴിഞ്ഞ ശേഷം ഗിരീഷ് സുഹൃത്തുക്കളുമായി ചേര്‍ന്നു തന്നെ പിടിച്ചുതള്ളിയ ആളുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. എല്ലാവരും പ്രദേശവാസികളാണ്.
ഗിരീഷും സംഘവും ചേര്‍ന്ന് എതിരാളിയുടെ മൂക്കിന്റെ പാലം ഇടിച്ച് തകര്‍ത്തുവെന്നാണ് ആരോപണം. ഇതുകണ്ട് യുവാവിന്റെ മാതാവ് കുഴഞ്ഞു വീണതോടെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടസ്സം പിടിക്കാനെത്തിയ ബന്ധുവിനും മര്‍ദനത്തില്‍ പരുക്കേറ്റു. മൂക്കിനു പരുക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടു കയറി ആക്രമിച്ച സംഘവും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഭവം ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് വിവരം.