ബംഗളൂരു: മംഗളുരുവില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവമോഗ തീര്‍ഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖി (24)ന് എറണാകുളത്തുനിന്ന് സഹായം ലഭിച്ചു. സ്‌ഫോടനം നടത്താനുള്ള ചില സാമഗ്രികള്‍ എത്തിയത് ആലുവയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പ്രതി സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ആലുവയില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷാരിഖില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ആലുവയിലെ ചില സ്ഥലങ്ങളില്‍ പരിശോധനയും നടത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് മംഗളൂരു കങ്കനാടിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. റെയില്‍വേസ്റ്റേഷനില്‍ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനാണ് ഷാരിഖ് ഓട്ടോയില്‍ കയറിത്. അതിനിടെയായിരുന്നു സ്‌ഫോടനം. പ്രതിയുടെ ബാഗില്‍ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നത്. പരുക്കേറ്റ ഡ്രൈവര്‍ പുരുഷോത്തമയും ഷാരിഖും ആശുപത്രിയില്‍ ചികിത്സയിലാണ്.
മംഗളുരു നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താനാണ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. പ്രതിയുടെ കൂട്ടാളികളായ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് സ്‌ഫോടനം നടത്താനുള്ള ചില വസ്തുക്കള്‍ വാങ്ങിച്ചത്. വാടക വീട്ടില്‍ വച്ചാണ് ഇവ കൂട്ടിയോജിപ്പിച്ച് ബോംബാക്കിയത്. ഇതിനുള്ള പരിശീലനം ഇവര്‍ക്ക് എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമല്ല. യു എ പി എ കേസിലെ പ്രതികൂടിയായ ഷാരിഖ് താമസിച്ചിരുന്ന വാടക വീട്ടില്‍ കുക്കര്‍ ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളും മംഗളുരു പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് തമിഴ് നാടുമായും ബന്ധമുണ്ട്. ഷാരിഖ് വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.