NEWSSports

ആ പന്ത് ഇന്ന് വീണ്ടും ചലിച്ചു തുടങ്ങും;ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്

ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ ഒരു പന്ത് അതിന്റെ പ്രയാണം പൂർത്തിയാക്കി രണ്ടു പതിറ്റാണ്ടിന് ശേഷം ഏഷ്യയിലേക്ക് തിരിച്ചെത്തുകയാണ്.
നവംബർ 20-ാം തീയതി ഇന്ത്യൻ സമയം രാത്രി 9:30 ന് ആ പന്ത് ഖത്തറിലെ അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ  പുൽപ്പരപ്പിലെ മധ്യവൃത്തത്തിൽ അനക്കമറ്റ് കിടക്കും.
നാലുവർഷം മുൻപ് റഷ്യയിലെ ലുഷ്കിനി സ്റ്റേഡിയത്തിൽ ഒരു ലോംഗ് വിസിലോടെ അനക്കമറ്റ പന്തിനെ മറ്റൊരു വിസിൽ വിളിച്ചുണർത്തും.മറ്റൊരു ബൂട്ട് അതിനെ ചലിപ്പിക്കും.ലോകമെങ്ങുമുള്ള കോടിക്കണക്കിന് കൃഷ്ണമണികൾ അതിനൊപ്പം ഉരുളും.ഒടുവിൽ ഡിസംബർ 18-ന് ആ പാച്ചിലും നിലയ്ക്കുമ്പോൾ ലോകം ഫുട്ബോളിലെ പുതിയ ഉദയത്തിന് സാക്ഷികളാകും.ലോകഫുട്ബോളിലെ സൂര്യകിരീടം ആ പന്തിനെ കീഴടക്കിയവർ കൊണ്ടുപോകും.
ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്.ടൂർണമെന്റിലെ ആദ്യ മത്സരം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ്.അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം. ഖത്തർ ദേശീയ ദിനമായ 2022 ഡിസംബർ 18-ന് ഫൈനൽ നടക്കും.ഫ്രാൻസാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ.
  ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുക.അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2002 ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്.കൂടാതെ 32 ടീമുകൾ ഉൾപ്പെടുന്ന അവസാന ടൂർണമെന്റുമായിരിക്കും ഇത്. 2026 ഫിഫ ലോകകപ്പിന് 48 ടീമുകളാണ് മത്സരിക്കുന്നത്.
ഇന്ത്യയിൽ സംപ്രേക്ഷണാവകാശം നേടിയ വയാകോം നെറ്റ്‌വർക്ക് 18 (Viacom18) സ്പോർട്സ്18, സ്പോർട്സ്18 എച്ച്.ഡി. എന്നീ ചാനലുകളിൽ 2022 ഫിഫ ഖത്തർ 2022 ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.
ഉദ്ഘാടന ദിവസമൊഴിച്ച്‌ ഗ്രൂപ്പുഘട്ടത്തില്‍ എല്ലാദിവസവും നാല് കളിയുണ്ട്. പകല്‍ മൂന്നരയ്ക്കാണ് ആദ്യകളി. അടുത്തത് 6.30ന്. പിന്നീട് ഒമ്ബതരയ്ക്കും, 12.30നും. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ എല്ലാം വൈകിട്ട് എട്ടരയ്ക്കാണ്. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ എട്ടരയ്ക്കും 12.30നും. സെമിഫൈനലുകള്‍ 12.30.
ലൂസേഴ്സ് ഫൈനലും ഫൈനലും രാത്രി എട്ടരയ്ക്കാണ്.
ഇതും അറിഞ്ഞിരിക്കണം
  നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്.ഫുട്ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശന പെര്‍മിറ്റാണ് ഹയ്യാ കാര്‍ഡ്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ടിക്കറ്റിനൊപ്പം ഹയ്യാ കാര്‍ഡും വേണം.
ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാം. വിദേശത്തുനിന്നെത്തുന്ന ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റില്ലാത്ത മൂന്നുപേരെ അതിഥികളായി കൊണ്ടുവരാം

ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ സൗജന്യ വിസയില്‍ സൗദിയില്‍ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ രണ്ടുമാസംവരെ തങ്ങാം, ഉംറ നിര്‍വഹിക്കാം. ഹയ്യാ കാര്‍ഡുകാര്‍ക്ക് യുഎഇ 90 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഇന്നുമുതല്‍ പ്രവേശിക്കാം.

 

സുരക്ഷ ഉറപ്പാക്കാന്‍ 13 സഹോദര–-സൗഹൃദ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചുദിവസംനീണ്ട സുരക്ഷാ അഭ്യാസം സംഘടിപ്പിച്ചു.
വിവിധ രാജ്യക്കാരായ ആരാധകര്‍ക്കായി ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ തുറന്നു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം.

 

രാജ്യത്തെ പ്രധാന വ്യാപാര–-വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ലോകകപ്പിലെ പ്രധാന കാര്‍ണിവല്‍ വേദിയായ ദോഹ കോര്‍ണിഷ് സ്ട്രീറ്റ് അനുബന്ധ റോഡുകളും ഇന്നുമുതല്‍ ഡിസംബര്‍ 19 വരെ കാല്‍നടയാത്രക്കാര്‍ക്കുമാത്രം. സെന്‍ട്രല്‍ ദോഹയിലുടനീളം സൗജന്യ ഷട്ടില്‍ ബസുകള്‍ ഉണ്ടാകും.

 

സര്‍ക്കാര്‍മേഖലകളില്‍ ഡിസംബര്‍ 19 വരെ 80 ശതമാനം പേര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാം. പൊതു–-സ്വകാര്യ മേഖലകളിലെ സ്കൂളുകള്‍ക്കും കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനസമയം നവംബര്‍ 17 വരെ രാവിലെ ഏഴുമുതല്‍ പകല്‍ 12 വരെയാക്കി.

 

 

അതേപോലെ ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെ സന്ദര്‍ശക വിസയിലും ബിസിനസ് വിസയിലും ഖത്തറില്‍ പ്രവേശിക്കാനാകില്ല. പകരം ഡിസംബര്‍ 23 വരെ പ്രവേശനം ഹയ്യാ കാര്‍ഡില്‍മാത്രം. പ്രവേശനത്തിന് കോവിഡ് വാക്സിനോ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല.

Back to top button
error: