IndiaNEWS

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു; മൂന്ന് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾ അറസ്റ്റിലായി

ബം​ഗളൂരു: പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച മൂന്ന് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബം​ഗളൂരുവിലാണ് സംഭവം. ഇവർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ നടപടി മനഃപൂർവ്വമായതല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ന്യൂ ഹൊറൈസൺ കോളേജ് ഓഫ് എഞ്ചിനീയറിം​ഗിൽ നവംബർ 25,26 തീയതികളിൽ ഒരു ഇന്റർ കോളേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി  ചില വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ടീമുകളുടെയും രാജ്യങ്ങളുടെയും പേരുകൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആര്യൻ, ദിനകർ, റിയാ എന്നിവർ പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചത്. മറ്റൊരു വിദ്യാർത്ഥി ഇത് വീഡിയോയിൽ പകർത്തുകയായിരുന്നു. വിദ്യാർത്ഥികൾ 17, 18 വയസ് പ്രായമുള്ളവരാണ്. ഇവർ വെറുതെ ഒരു രസത്തിന് വേണ്ടി പാകിസ്ഥാന് സിന്ദാബാദ് വിളിച്ചതാണെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.

കലാപമുണ്ടാക്കാനും പൊതുജനങ്ങളിൽ ഭയം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കിയതിനുമാണ് മാറാത്തഹള്ളി പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കോളേജ് അധികൃതർ ഇവരെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്.  “അവരുടെ സ്വന്തം സുഹൃത്താണ് വീഡിയോ പകർത്തിയത്. കോളേജ് അധികൃതർ അവരെ സസ്പെൻഡ് ചെയ്യുകയും ഞങ്ങൾക്ക് പരാതി നൽകുകയും ചെയ്തു. ഞങ്ങൾ ആദ്യം അവരെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അവരുടെ പ്രവൃത്തിമനഃപൂർവമായിരുന്നില്ല.”വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: