ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാനുള്ള സാധ്യത അതി വിദൂരം. പോരായ്മകള്‍ പരിഹരിച്ച് സമര്‍പ്പിക്കേണ്ട ഡിപിആര്‍ ഇനിയും റയില്‍വേ മന്ത്രാലയത്തിലെത്തിയിട്ടില്ല.സാമൂഹികാഘാത പഠനം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കെ റെയിൽ മറുപടി കിട്ടിയിട്ടില്ല. കെ റെയിലിന് അനുമതി നല്‍കുന്നത് മുന്നിലുള്ള തടസങ്ങള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര റയില്‍വേ മന്ത്രി വ്യക്തമാക്കിയതാണിത്. അവിടെ നിന്ന് കാര്യങ്ങള്‍ ഒരടി മുന്‍പോട്ട് പോയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പല തവണ മടക്കി അയച്ച ഡിപിആര്‍ സംശയ നിവൃത്തി വരുത്തി ഇനിയും റയില്‍വേ ബോര്‍ഡിന് മുന്നിലെത്തിയിട്ടില്ല. റയില്‍വേ ബോര്‍ഡ് മുഖേനെയാണ് മന്ത്രാലയത്തിലെത്തേണ്ടത്.
കെ റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുന്‍പ് അറിയിച്ചിരുന്നു. സില്‍വര്‍ ലൈനിനായ എത്ര റെയില്‍വേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയില്‍വേ ലൈനില്‍ എവിടെയെല്ലം ക്രോസിംഗുകള്‍ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നില്‍ക്കുന്നു.
സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവര്‍ ലൈനുമായി മുന്‍പോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാല്‍ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവര്‍ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവര്‍ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലര്‍ത്തിയതും തിരിച്ചടിയായിരുന്നു. പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധ സമരങ്ങളും കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കെ റെയിലിന് ബദല്‍ വന്ദേഭാരത് ട്രെയിന്‍ എന്ന ചര്‍ച്ചയും ഇതിനിടെ തലപൊക്കി.ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ദില്ലിയിലെത്തി ചര്‍ച്ച നടത്തിയിട്ടും കേന്ദ്രത്തിന്‍റെ ചുവപ്പ് നാട കുരുക്ക് അഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.