തിരുവനന്തപുരം: ഒരു കാരണവശാലും സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും. കേരളത്തിൻ്റെ അടുത്ത അൻപത് വര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയത്. സിൽവർ ലൈനിൽ മുഖ്യമന്ത്രി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി വി.എൻ വാസവനും പറഞ്ഞു. പദ്ധതി പിൻവലിക്കുന്നത് സർക്കാരിൻ്റേയോ പാർട്ടി യുടേയോ പരിഗണനയ്ക്ക് വന്നിട്ടില്ല. എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ടാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും വാസവൻ പ്രതികരിച്ചു.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയാൽ നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ പിന്മാറുന്നത് വരെ സമരം തുടരും. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് സർക്കാർ ഓദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
സിൽവര്‍ ലൈൻ പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ എന്നാണ് ഇന്ന് പുറത്തു വന്ന വിവരം. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിര്‍ദേശിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവര്‍ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. പദ്ധതിക്കുള്ള കേന്ദ്ര അനുമതി ഇപ്പോഴും കയ്യാലപ്പുറത്താണ്. അത് കിട്ടിയിട്ട് മതി ഇനി ബാക്കി എന്തെങ്കിലും നടപടി എന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം