KeralaNEWS

മുന്‍ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കാണമെന്ന് ആവശ്യപ്പെട്ട് കേരളവര്‍മ്മയില്‍ S.F.I സമരം

തൃശ്ശൂര്‍: മുന്‍ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കണമെന്നാവശ്യപ്പെട്ട് കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ സമരം. മറ്റ് ആവശ്യങ്ങളും സംഘടന ഉന്നയിച്ചിരുന്നെങ്കിലും ചര്‍ച്ചകളിലെല്ലാം പ്രാധാന്യം നല്‍കുന്നത് അധ്യാപകനിയമനത്തിനാണ്. മൂന്നുദിവസം പിന്നിട്ട സമരം വെള്ളിയാഴ്ച കൂടുതല്‍ ശക്തമായി. സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച അധ്യാപകരുടെ േയാഗത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചുകയറി.

പ്രിന്‍സിപ്പലിനെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രിന്‍സിപ്പലിനെ മാത്രമായി തടഞ്ഞുവയ്ക്കാനാകില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ എതിര്‍ത്തു. പോലീസുള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാലരയോടെ വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിച്ചെങ്കിലും പഠിപ്പുമുടക്കല്‍ അവസാനിപ്പിച്ചില്ല.

മുന്‍നേതാവ് പങ്കെടുത്ത അഭിമുഖം സംബന്ധിച്ച് പരാതികളുണ്ട്. ഇത് പരിഗണനയിലാണെന്നതിനാല്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള വി.എ. നാരായണ മേനോന്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് കോളജ് എജ്യൂക്കേഷന് പരാതി പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ തെളിവെടുപ്പ് കഴിഞ്ഞശേഷമേ ഡയറക്ടറേറ്റ് ഓഫ് കോളജ് എജ്യൂക്കേഷന്റെ തീരുമാനം വരുകയുള്ളൂ. അതുകൊണ്ടുതന്നെ പെട്ടെന്നു നടപ്പാക്കാനാകാത്ത വിഷയത്തിലാണ് സമരമെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

ഈ വ്യക്തിക്കെതിരേ അധ്യാപകരുടെ യോഗത്തില്‍ വിമര്‍ശനം വന്നുതുടങ്ങിയതോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറിയത്. യോഗത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ പുറത്ത് സമരംചെയ്തവരെ അറിയിച്ചിരുന്നുവെന്ന് അധ്യാപകര്‍ത്തന്നെ ആരോപിക്കുന്നു.

അഭിമുഖം സംബന്ധിച്ച് വേറെയും നിരവധി പരാതികളുണ്ട്. മുന്‍ നേതാവിനെ അഭിമുഖത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ചില ശ്രമങ്ങളുണ്ടായെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന വ്യക്തിതന്നെ പരാതിപ്പെട്ടിട്ടുണ്ട്. അഭിമുഖത്തില്‍ മുന്‍ നേതാവിന് രണ്ടാംറാങ്കാണ് ലഭിച്ചിരുന്നത്. ഇതോടെ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഒരു അധ്യാപകന്‍ അഭിമുഖം നടത്തിപ്പിനെതിരേ പരാതിയുമായി എത്തി.

റാങ്ക് ലിസ്റ്റില്‍ ഈ അധ്യാപകന്‍ ഒപ്പിട്ടിട്ടില്ല. എങ്കിലും ഈ പട്ടികയുമായി അധികൃതര്‍ മുന്നോട്ടുപോയി. പക്ഷേ, ഒന്നാം റാങ്ക് കിട്ടിയ വ്യക്തി ജോലിക്ക് ചേരാന്‍ എത്തിയില്ല. ഇതിനു പിന്നില്‍ പലരുടെയും ഭീഷണികളുണ്ടെന്നും പരാതിയുണ്ട്.

 

Back to top button
error: