സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ. അടുത്തത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. വിഷയം ദേശീയ തലത്തിലടക്കം ഉയർത്തിക്കാട്ടും. പ്രിയ വർഗീസിന്റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം തുറന്നടിച്ചു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
“നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കൾ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. പാർട്ടി പ്രവർത്തകർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരും ?” അദ്ദേഹം ചോദിച്ചു.
ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. ഈ തട്ടിപ്പ് നിർത്തലാക്കാൻ തനിക്ക് നിർദ്ദേശിക്കാനാകില്ല. എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുതിർന്ന അഭിഭാഷകരുമായി സംസാരിച്ച് വിഷയത്തിൽ കാലതാമസം ഇല്ലാതെ മാറ്റം ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി
കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ഗവർണർ പറയുന്നു. പ്രിയ വർഗീസ് വിഷയത്തിൽ ഹൈക്കോടതിവിധി അത്ഭുതപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ഗവർണർ, നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും തുറന്നടിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യു.ജി.സി. നിഷ്കർഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയവും ഏറ്റെടുക്കുമെന്ന ഗവർണറുടെ പുതിയ പ്രഖ്യാപനം.
സംസ്കൃത കോളജിലെ എസ്എഫ്ഐയുടെ വിവാദ ബാനർ വിഷയത്തിൽ പഠിച്ചതേ പാടൂ എന്ന് പരിഹാസ രൂപേണ ഗവർണർ മറുപടി നല്‍കി.