‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ് വേർഡ് ? എന്നാൽ നിങ്ങൾ ഒറ്റക്കല്ല. 2022 ൽ 34 ലക്ഷം ഇന്ത്യക്കാർ പാസ്‌വേർഡായി ഉപയോഗിച്ച വാക്ക് ‘PASSWORD ” തന്നെന്നാണ് ഒരു ഓൺലൈൻ സെക്യൂരിറ്റി ഏജൻസിയുടെ പാസ്‌വേഡ് മാനേജംഗ് വിഭാഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. 123456 എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നും. സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേർത്ത് പാസ് വേർഡ് ഉണ്ടാക്കുന്നവരും ഏറെയാണ്.
ആപ്ലിക്കേഷനുകളുടെ ഉപയോഗം ദിനംപ്രതി കൂടുന്നതിനാൽ എല്ലാ പാസ്‌വേർഡുകളും ഓർത്തിരിക്കുക ബുദ്ധിമുട്ടാണ്. പാസ്‌വേർഡുകൾ ലളിതമാകുമ്പോൾ ഹാക്കർമാർക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാർഗ്ഗവും എളുപ്പമാകുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി സൈബർ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകൾ നാമോരുരത്തർക്കും ഉണ്ട്. എളുപ്പം ഓർമ്മയിൽ നില്ക്കാൻ എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരക്കാരുടെ ഏതെങ്കിലും ഒരു അക്കൗണ്ടിന്റെ പാസ്‌വേഡ് കണ്ടെത്താൻ സാധിച്ചാൽ ഹാക്കറിന് അനായാസം മറ്റ് അക്കൗണ്ടുകളിലും ലോഗിൻ ചെയ്യാനാകും.
ചിലർ വ്യക്തിപരമായോ ജീവിതവുമായോ ജോലിസ്ഥലവുമായോ ബന്ധപ്പെട്ട വാക്കുകളാകും പാസ്‌വേർഡുകളാക്കുക. സ്‌പോർട്സ് ടീമുകൾ, സിനിമാ കഥാപാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും ചിലർ പാസ്‌വേർഡ് ആക്കാറുണ്ട്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.
പാസ് വേർഡ് – ശ്രദ്ധിക്കേണ്ട വസ്തുതകൾ
- പാസ് വേഡിലെ ക്യാരക്ടറുകളുടെ എണ്ണം കൂടുംതോറും പാസ് വേഡ് സ്ട്രോങ്ങ് ആയിരിക്കും. മിനിമം എട്ട് മുതൽ 12 വരെ ക്യാരക്റ്റർ ഉണ്ടായിരിക്കണം ഒരു സ്ട്രോങ്ങ് പാസ് വേഡിൽ.
- നമ്പറുകൾ, # $ % തുടങ്ങിയ സ്പെഷ്യൽ ക്യാരക്ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തി പാസ്സ്‌വേർഡ് ഉണ്ടാക്കുക. ഉദാഹരണമായി Mann$_864#
- വീട്ടുപേര്, വീട്ടിലുള്ളവരുടെ പേരുകൾ, സുഹൃത്തുക്കൾ, ജന്മദിനം, ജനിച്ച വർഷം, തുടങ്ങി ഊഹിക്കാൻ കഴിയുന്ന വാക്കുകൾ ഒഴിവാക്കണം.
- മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്ത എന്നാൽ എളുപ്പമുള്ളതുമായ വാക്കുകൾ തിരഞ്ഞെടുക്കുക. അവയിൽ അക്ഷരങ്ങളും സ്പെഷ്യൽ ക്യാരക്ടറുമെല്ലാം ഇടകലർത്തുക.