KeralaNEWS

കൈപൊള്ളിക്കും കണ്ണൂരിലെ വിമാനനിരക്ക് വര്‍ധനവ്, വെറുപ്പിക്കും ജീവനക്കാരുടെ പെരുമാറ്റം; പ്രവാസികള്‍ കണ്ണൂര്‍ വിമാനത്താവളത്തോട് മുഖം തിരിക്കുന്നു

കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂരിലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് പ്രവാസികളുടെ കൈപൊളളിക്കുന്നു. കണ്ണില്‍ ചോരയില്ലാത്ത ടിക്കറ്റ് നിരക്കാണ് കണ്ണൂരില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരില്‍ നിന്നും ഈടാക്കുന്നതെന്ന് പ്രവാസികള്‍ പറയുന്നു. പുതുവര്‍ഷ സീസണായ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ 30,000 രൂപയ്ക്കു മുകളിലാണ് കണ്ണൂരില്‍ നിന്നും ദുബൈ, ഷര്‍ജ എന്നിവടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക്.

അതേസമയം 20,000ത്തിന് താഴെയാണ് കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കുളള വിമാന ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ഗള്‍ഫിലേക്ക് പോകാന്‍ നാല്‍പതിനായിരത്തിലധികം രൂപയുടെ വ്യത്യാസമാണ് കണ്ണൂരും കോഴിക്കോടുമായുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലയിലെ വടകര എന്നിവടങ്ങളിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദൂരമേ കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്കുള്ളൂ.

കര്‍ണാടകയിലെ കുടക് മേഖലയിലുള്ളവര്‍ക്കും ഏറ്റവും സൗകര്യപ്രദമായ വിമാനത്താവളവും കണ്ണൂരാണ്. പക്ഷെ ടിക്കറ്റ് നിരക്ക് വര്‍ധനവ് കാരണം ഇവരൊക്കെ ഇപ്പോള്‍ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്.

2018ൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഗള്‍ഫ് മേഖലയിലേക്കല്ലാതെ കണ്ണൂരില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കാന്‍ കിയാലിന് കഴിഞ്ഞിട്ടില്ല. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപൂർ, ബാലി, അസര്‍ബൈജാന്‍, തുർകി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദ യാത്ര നടത്തുന്നുണ്ട്. ഇവരൊക്കെ കരിപ്പൂര്‍, നെടുമ്പാശേരി എന്നിവടങ്ങളില്‍ നിന്നാണ് പോയിവരുന്നത്. ഇവിടങ്ങളിലേക്ക് പോലും വിമാന സര്‍വീസ് തുടങ്ങാന്‍ കിയാലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പിയെയോ വിദേശകാര്യ സഹമന്ത്രിയെയോ അനുനയിപ്പിച്ചു അനുകൂല തീരുമാനം എടുപ്പിക്കാന്‍ കഴിയാതെ മുഖ്യമന്ത്രി ചെയര്‍മാനായ ‘കിയാല്‍’ പരാജയപ്പെട്ടു എന്നാണ് ആക്ഷേപം. ഇതിനായുളള പോസറ്റീവായ ഒരു ശ്രമവും കിയാല്‍ നടത്തിയില്ലെന്ന ആരോപണവും യാത്രക്കാര്‍ക്കുണ്ട്. വിദേശത്തെക്ക് പോകേണ്ടവര്‍ മാത്രമല്ല ആഭ്യന്തര സഞ്ചാരികളും കണ്ണൂര്‍ വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവില്‍ അതൃപ്തരാണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീരെ പ്രൊഫഷനാലായി പെരുമാറുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

വിമാനം ലാന്‍ഡ് ചെയ്താല്‍ കൊച്ചിയിലും കോഴിക്കോടും 15 മിനുറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് പുറത്തുകടക്കാന്‍ കഴിയും. എന്നാല്‍ മണിക്കൂറുകളോളമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കെട്ടിക്കിടക്കേണ്ടി വരുന്നത്. എമിഗ്രേഷനില്‍ പോലും ആവശ്യത്തിന് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ‘കിയാലി’ന് സാധിച്ചിട്ടില്ല. ഫലത്തില്‍ കണ്ണൂര്‍ വിമാനത്താവളം കൊണ്ടു യാത്രക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന ആരോപണം ശകതമായിരിക്കുകയാണ്.

Back to top button
error: