SportsTRENDING

മെസിപ്പടയുടെ സാംപിൾ വെടിക്കെട്ട്; യുഎഇയെ ഗോളിൽ മുക്കി അർജ​ന്റീന

അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ദുർബലരായ യുഎഇയെ ഗോളിൽ മുക്കി അർജൻറീന. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മെസിയുടെയും സംഘത്തിൻറേയും വിജയം. ഏഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടി. ലോകകപ്പിന് മുന്നോടിയായി മെസി ഗോളും അസിസ്റ്റുമായി തിളങ്ങി.

4-3-3 ശൈലിയിലാണ് സ്‌കലോണി തൻറെ ടീമിനെ മൈതാനത്ത് അവതരിപ്പിച്ചത്. ഏഞ്ചൽ ഡി മരിയ, ലിയോണൽ മെസി, ജൂലിയൻ ആൽവാരസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് അർജൻറീന ഇറങ്ങി. പരിക്കേറ്റ് ലോകകപ്പിന് മുമ്പ് ജിയോവനി ലോ സെൽസോ പുറത്തായപ്പോൾ റോഡ്രിഗോ ഡി പോളും ഡാനിയൽ പരേഡസും അലക്‌സിസ് മാക് അലിസ്റ്ററും മധ്യനിര ഭരിക്കാനെത്തി. ഒട്ടോമെൻഡിക്ക് പുറമെ മാർക്കോസ് അക്യൂനയും ലിസാൻഡ്രോ മാർട്ടിനസും ജുവാൻ ഫോയ്‌ത്തുമായിരുന്നു പ്രതിരോധത്തിൽ. ഗോൾബാറിന് കീഴെ അധിപനായി എമിലിയാനോ മാർട്ടിനസും ഇടംപിടിച്ചു.

മത്സരത്തിന് കിക്കോഫായി തുടക്കത്തിലെ പന്തടക്കത്തിൽ മുൻതൂക്കം നേടിയെങ്കിലും ആദ്യ പത്ത് മിനുറ്റിൽ വല ചലിപ്പിക്കാൻ ലിയോണൽ മെസിക്കും സംഘത്തിനുമായില്ല. എന്നാൽ പിന്നീടങ്ങോട്ട് ഗോൾപൂരവുമായി ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർ കളം കയ്യടക്കുന്നതാണ് കണ്ടത്. 17-ാം മിനുറ്റിൽ ലിയോണൽ മെസിയുടെ അസിസ്റ്റിൽ ജൂലിയൻ ആൽവാരസ് അർജൻറീനയെ മുന്നിലെത്തിച്ചു. 25-ാം മിനുറ്റിൽ ഏഞ്ചൽ ഡി മരിയ ലീഡ് രണ്ടാക്കി. ഇത്തവണ അക്യൂനയുടെ വകയായിരുന്നു അസിസ്റ്റ്. 36-ാം മിനുറ്റിൽ അലിസ്റ്ററിൻറെ അസിസ്റ്റിൽ ഡി മരിയ രണ്ടാമതും വലകുലുക്കി. 44-ാം മിനുറ്റിൽ മരിയയുടെ അസിസ്റ്റിൽ ലിയോണൽ മെസി പട്ടിക നാലാക്കി. ഗോളടിമേളം ആദ്യപകുതി കൊണ്ട് അർജൻറീന അവസാനിപ്പിച്ചില്ല. രണ്ടാംപകുതിയിൽ 60-ാം മിനുറ്റിൽ ഡി പോളിൻറെ അസിസ്റ്റിൽ ജ്വാക്വിം കൊറേയ ലക്ഷ്യം കണ്ടു.

Back to top button
error: