ശ്രീനാരായണ ഗുരുദേവനും രബീന്ദ്രനാഥ ടാഗോറും മനുഷ്യത്വത്തിന്‍റെ മുഖമുദ്രകളാണെന്ന് വിശ്വഭാരതി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു. ഈ പ്രപഞ്ചമാണ് ഇരുവരുടെയും കാവ്യകൗതുകത്തിനാധാരം. ശ്രീനാരായണഗുരു അദ്ധ്യാത്മികതയിലൂടെ മനുഷ്യത്വത്തെ സാക്ഷാത്കരിച്ചപ്പോള്‍ ടാഗോര്‍ അതു കാവ്യാത്മകതയിലൂടെ നിര്‍വ്വഹിക്കുകയാണുണ്ടായത്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദിയാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സിലര്‍.
ഗുരുദേവന്‍റെ ദര്‍ശനം പ്രചരിപ്പിക്കുന്നതിലും ഈ മഹത്തുക്കളുടെ സ്മരണ നിലനിര്‍ത്തുന്നതിനും വിശ്വഭാരതി സര്‍വ്വകലാശാല കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ശിവഗിരി മഠവും സംന്യാസി സമൂഹവും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്വാഗതാര്‍ഹമാണെന്നും മഹത്തായ ഈ ചടങ്ങില്‍ സംബന്ധിക്കാനായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‍റെ മുഹൂര്‍ത്തമാണിതെന്നും രണ്ട് മഹാത്മാക്കളുടെ സംഗമം ശിവഗിരിയില്‍ നടന്നതിന്‍റെ സ്മരണ പുതുക്കല്‍ ശിവഗിരി മഠത്തിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. ഗുരുദേവ ദര്‍ശനത്തിന് വിധേയമായുള്ള ഭരണനിര്‍വ്വഹണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എക്കാലവും ശ്രദ്ധിക്കുന്നു ണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവും ടാഗോറും എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അത് സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഈ അപൂര്‍വ്വ സമാഗമത്തെ ആദരവോടെ ആഘോഷിക്കുന്നതെന്ന് മന്ത്രി തുടര്‍ന്നു പറഞ്ഞു.
സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ വി. പി. ജോയി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യത്വത്തില്‍ അധിഷ്ഠിതമായിരുന്നു ഗുരുവിന്‍റേയും ടാഗോറിന്‍റേയും കര്‍മ്മ മേഖല. ഈ സമാഗമ ശതാബ്ദി ആഘോഷം ഒരു പുതിയ സംസ്ക്കാരത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രസംഗിച്ചു. സച്ചിദാനന്ദ സ്വാമി രചിച്ച ടാഗോര്‍ ഗുരുസന്നിധിയില്‍ എന്ന ഗ്രന്ഥം ബിദ്യുത് ചക്രവര്‍ത്തി വി. പി. ജോയിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടന്ന കാവ്യസംഗമം കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത കവിയുമായ എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമി, ശിവഗിരി മഠം പി. ആര്‍. ഒ. , ഇ. എം. സോമനാഥന്‍ , പ്രൊഫ. എസ്. ജയപ്രകാശ്, പ്രൊഫ. സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കവികള്‍ കവിതകള്‍ അവതരിപ്പിച്ചു.