KeralaNEWS

ഗവര്‍ണര്‍ക്കെതിരേ എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ പ്രതിരോധം; തടസമില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ പ്രതിരോധം തുടങ്ങി. പ്രതിരോധം തുടങ്ങും മുന്‍പേ ഭൂരിപക്ഷം ജീവനക്കാരും രാജ്ഭവനില്‍ ജോലിക്കെത്തി. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാര്‍ച്ച്. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. ശക്തമായ ജനകീയ മുന്നേറ്റമാണിതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ പ്രതിരോധത്തിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്ഭവന്‍ പ്രതിരോധത്തിനെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇത്തരം സമരങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹാജര്‍ ഉറപ്പുവരുത്തിയാണ് ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങി ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡി.എം.കെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തില്‍ പങ്കെടുക്കേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. രാജ്ഭവന്‍ ധര്‍ണയുടെ സമയത്തുതന്നെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും.

അതേസമയം, ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. പ്രകടനത്തിന്റെ പേരില്‍ രാജ്ഭവന്‍ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, 600 പോലീസുകാരെ വിന്യസിക്കുമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്.

Back to top button
error: