IndiaNEWS

തെലുങ്ക് സിനിമയിലെ മുന്‍കാല സൂപ്പര്‍താരം കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350 ലേറെ സിനിമകള്‍ ചെയ്തു. 1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്. 2016 ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം. 2009 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടന്‍മാരായ മഹേഷ് ബാബു, രമേഷ് ബാബു, മുന്‍നടി മഞ്ജുള, പ്രിയദര്‍ശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തില്‍ ജനിച്ച മക്കള്‍. 1967 ല്‍ സാക്ഷി എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടി വിജയ നിര്‍മലയുമായി പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നരേഷ്, കൃഷ്ണയ്ക്ക് വിജയനിര്‍മലയില്‍ ജനിച്ച മകനാണ്.

വ്യവസായിയായും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗല്ല ജയദേവ്, നിര്‍മാതാവ് സഞ്ജയ് സ്വരൂപ്, നടിയും നിര്‍മാതാവുമായ നമ്രത ശിരോദ്കര്‍ തുടങ്ങിയവര്‍ മരുമക്കളാണ്.

Back to top button
error: