മുൻ കെപിസിസി ഉപാധ്യക്ഷനും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ അഡ്വ. സികെ ശ്രീധരൻ സിപിഎമ്മിൽ ചേരും. ഇക്കാര്യം സ്ഥിരീകരിച്ച അദ്ദേഹം, കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി, നവംബർ 17 വ്യാഴാഴ്ച കാസർകോട് പ്രസ് ക്ലബിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.
കോൺഗ്രസ് വിടുന്നതിന് ഒട്ടേറെ കാരങ്ങളുണ്ടെന്നാണ് സികെ ശ്രീധരൻ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളും അതിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പല നിലപാടുകളിലും വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അനുരജ്ഞ ശ്രമങ്ങൾ ഉണ്ടായിരുന്നതായും എന്നാൽ താൻ സ്വന്തം നിലപടുകളിൽ ഉറച്ചുനിന്നതായും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പറയുമെന്നും ശ്രീധരൻ അറിയിച്ചു. ഉപാധികളൊന്നുമില്ലാതെയാണു താന്‍ സിപിഎമ്മില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടോളമായി രാഷ്ട്രീയ രംഗത്തുള്ള സികെ ശ്രീധരൻ ആദ്യ കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർടിയുടെ പ്രവർത്തകനായിരുന്നു. 1977ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വം ജനതാപാര്‍ടിയിലേക്ക് പോയപ്പോള്‍ സി.കെ ശ്രീധരൻ കോണ്‍ഗ്രസിലെത്തി. പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി ഉപാധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് ആയിരിക്കെ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂടറായിരുന്നു.
നേരത്തെ കോൺഗ്രസിലെ കേസുകൾ മാത്രം വാദിച്ചിരുന്ന അദ്ദേഹത്തെ പിണറായി സർക്കാർ മൂന്ന് കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ ആക്കിയിരുന്നു. അടുത്തിടെ സികെ ശ്രീധരന്റെ ആത്മകഥ ‘ജീവിതം നിയമം നിലപാടുകൾ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തതോടെയാണ് അദ്ദേഹം സിപിഎമിൽ ചേരുമെന്ന അഭ്യൂഹം ഉയർന്നത്.
ഇക്കാര്യം പരസ്യമായി സിപിഎമ്മോ ശ്രീധരനോ തുറന്നുപറഞ്ഞിരുന്നില്ല. തിങ്കളാഴ്ച എൻസിപി സംഘടിപ്പിച്ച സിംപോസിയത്തിൽ പങ്കെടുത്ത സികെ ശ്രീധരൻ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വൈകാതെ മാധ്യമങ്ങളോടും താൻ സിപിഎമ്മിൽ ചേരുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കാഞ്ഞങ്ങാട്ട് സിപിഎം അദ്ദേഹത്തിന് വൻ സ്വീകരണം ഒരുക്കുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കും.