NEWS

കൊഴിഞ്ഞുപോക്ക് തടയണമെങ്കിൽ കേരളത്തിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണം:യുഎൻഎ

 തിരുവനന്തപുരം: കേരളത്തിൽ നിന്നുമുള്ള നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് തടയണമെങ്കിൽ അവരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ.
സ്വകാര്യ ആശുപത്രി മേഖലയിലെ ചികിത്സാ നിരക്ക് നിശ്ചയിക്കുന്നത് സർക്കാറാണോ? മാസത്തിലും, വർഷത്തിലുമെല്ലാം ചികിത്സാ ചിലവ് വർദ്ധിപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാനും സർക്കാർ തയാറാകണമെന്നും യുഎൻഎ ആവശ്യപ്പെട്ടു.
3 വർഷം കൂടുമ്പോൾ മിനിമം വേതനം വർദ്ധിപ്പിക്കാൻ നിയമമുള്ള കേരളത്തിൽ കഴിഞ്ഞ 5 വർഷമായിട്ടും ഒരു രൂപാ പോലും കൂട്ടിയിട്ടില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ എത്ര തവണ വില വർദ്ധിച്ചു? ഡീസൽ- പെട്രോൾ, ഓട്ടോ-ബസ് ചാർജുകൾ 5 വർഷത്തിനുള്ളിൽ എത്ര തവണ കൂടി? 5 വർഷം മുമ്പുള്ള നിരക്കിലാണോ ഇപ്പോൾ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ? എന്നിട്ടും നാട്ടിലെ നഴ്സുമാരുടെ ശമ്പളം മാത്രമെന്തേ വർധിക്കാത്തത്.
ആരോഗ്യ മേഖലയിലടക്കം ഏതൊരു തൊഴിൽ മേഖലയിലും കാലാനുസൃതമായ ശമ്പള പരിഷ്ക്കരണം അതാത് കാലഘട്ടങ്ങളിൽ തന്നെ നടക്കണം. കാലാനുസൃതമായ ശമ്പള പരിഷ്ക്കരണം നടത്തിയാൽ കേരളത്തിലെ നഴ്സുമാരിൽ നല്ലൊരു വിഭാഗം സാധാരണക്കാരെ പരിചരിക്കാൻ നാട്ടിൽ നിൽക്കാൻ തയ്യാറാകും.
2.5 ലക്ഷം നഴ്സുമാർ ഒരു വർഷം നഴ്സിംഗ് ഡിപ്ലോമയും, ബിരുദവും കഴിഞ്ഞ് നിലവിൽ പുറത്തിറങ്ങുന്നുണ്ട്.അവർ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾ ലഭിക്കുന്ന ഇടങ്ങൾ തേടിപോകും.
വിദേശത്തേക്ക് നഴ്സുമാർ പോകുന്നതിനെ പെരുപ്പിച്ച് കാട്ടി കേരളത്തിലെ സ്വകാര്യ മേഖലയിൽ നിലവിൽ 500 ലധികം സീറ്റുകൾ വർദ്ധിപ്പിച്ചു. 250 സീറ്റുകൾ സർക്കാർ മേഖലയിലും.ഇത് എന്തിന് വേണ്ടിയുള്ള വാർത്തകളാണ് എന്നത് അരിയാഹാരം കഴിക്കുന്ന നഴ്സിംഗ് സമൂഹത്തിന് മനസ്സിലാകും.
നോർത്ത് ഇന്ത്യയിൽ 100 കണക്കിന് ബി.എസ്.സി നഴ്സിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതെല്ലാം മറച്ച് വെച്ച് നഴ്സുമാരുടെ ഡിമാൻ്റിനേക്കാൾ കൂടുതൽ സപ്ലൈ ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തെ തിരിച്ചറിഞ്ഞ് നാം പ്രതിരോധിക്കണം.
ഡിസംബർ 15 ലെ നഴ്സുമാരുടെ കരിദിനത്തെയും, ജനുവരി 5 ലെ ത്രിശൂർ ജില്ലയിലെ നഴ്സുമാരുടെ സൂചനാ പണിമുടക്കിനെയും പിന്തുണക്കുക…യുഎൻഎ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Back to top button
error: