KeralaNEWS

സുധാകരൻ്റെ ആർഎസ്എസ് അനുരാഗം, മുസ്ലീം ലീഗിൽ അമർഷം ആളിപ്പടരുന്നു; എം.കെ മുനീറും അബ്ദുറബ്ബും പി എം എ സലാമും പരസ്യമായി രംഗത്ത്

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉയരുന്നത്. മുസ്ലീം ലീഗിൽ ഈ വിഷയം കടുത്ത അമർഷമായി ആളിപ്പടരുകയാണ്. മുന്‍ മന്ത്രിമാരായ എം.കെ മുനീർ, പി കെ അബ്‍ദു റബ്ബ്, ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം എന്നിവർ കടുത്ത വിമർശനവുമായി രംഗത്തെത്തി.

കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് മുനീർ പരിഹസിച്ചു.

സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് ആയിട്ടില്ല. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. സുധാകരൻ്റെ പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നു എന്ന സൂചനയും മുനീര്‍ നൽകുന്നു.

“‍ഞങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ രാഹുൽ ഗാന്ധി പറഞ്ഞ വാക്കാണ്. ആര്‍എസ്എസ് ചിന്താഗതി ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കിൽ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം കോണ്‍ഗ്രസാണ് പരിശോധിക്കേണ്ടതും നടപടി വേണോയെന്ന് തീരുമാനിക്കേണ്ടതും. പൊതു വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയരുത്. മുന്നണിയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാൽ ആണ് ഇത് സംഭവിക്കുന്നത്…” മുനീർ പറഞ്ഞു.

ആര്‍എസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കല്‍പ്പിച്ചിട്ടുണ്ടോ എന്നാണ് അബ്‍ദു റബ്ബ് ചോദിക്കുന്നത്. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്‍ദു റബ്ബ് ഫെയ്സ് ബുക്കിൽ കുറിച്ചു.
”മത ന്യൂനപക്ഷങ്ങൾക്കും, മർദ്ദിത പീഢിത വിഭാഗങ്ങൾക്കും ജീവിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും, പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും, അവരെ ഉൻമൂലനം ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്ന ആർ.എസ്.എസ് നെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്. ആർ.എസ്.എസ് അന്നും, ഇന്നും ആർ.എസ്.എസ് തന്നെയാണ്. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. ആർ.എസ്.എസ് കാരൻ വെടിയുതിർത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ…”
അബ്‍ദു റബ്ബ് ചോദിക്കുന്നു.

സുധാകരന്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിക്കണമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞത്. കെ സുധാകരന്‍ ഉന്നത സ്ഥാനത്ത് ഉള്ളയാളാണ്. എന്താണ് പറയുന്നതെന്ന് ബോധ്യമുണ്ടാകണം.

തിരുത്തിയിട്ടോ മയപ്പെടുത്തിയിട്ടോ കാര്യമില്ല. ശരിയല്ല എന്ന് തോന്നുന്നത് ലീഗ് പറയും. വിഷയം മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്നും സലാം വ്യക്തമാക്കി.

ലീഗ് മുറുമുറുക്കുമ്പോഴും കെ സുധാകരന് ആര്‍ എസ് എസ്സുമായി ഉള്ളത് വര്‍ഷങ്ങള്‍ നീണ്ട ബന്ധം. പല തവണ ആര്‍ എസ് എസ് ബന്ധം തുറന്നുപറഞ്ഞയാളാണ് കെ സുധാകരന്‍. തനിക്ക് തോന്നിയാല്‍ ബി ജെ പിയില്‍ പോകുമെന്ന് പല വട്ടം പ്രഖ്യാപിച്ചത് മാത്രമല്ല.ആര്‍ എസ് എസ് നേതാക്കളുമായി വേദി പങ്കിടാനും സുധാകരന്‍ മടി കാട്ടിയിട്ടില്ല. ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി സുധാകരനുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്. ആര്‍ എസ്എസ് വോട്ട് തനിക്ക് പതിവായി ലഭിക്കാറുണ്ടെന്നും 2014 മോഡി തരംഗത്തില്‍ മാത്രമാണ് ആ വോട്ടുകള്‍ നഷ്ടമായതെന്നും 2016 ലെ ഒരു മാധ്യമ അഭിമുഖത്തില്‍ സുധാകരന്‍ തുറന്ന് പറഞ്ഞിരുന്നു.

ഇ.പി ജയരാജനെ ട്രെയിനില്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ സുധാകരന്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു. രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സുധാകരന്‍ ആര്‍ എസ് എസ്സുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണ്ണര്‍ ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്നുവെന്ന് കരുതുന്നില്ലെന്ന സുധാകരന്റെ പ്രതികരണവും സംഘപരിവാര്‍ വിധേയത്വത്തിന്റെ ഉദാഹരണമാണ്. കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ആര്‍ എസ് എസിനെതിരെ നിലപാടെടുത്ത പല വിഷയങ്ങളിലും സുധാകരന്റെ നിലപാട് ആര്‍ എസ് എസ്സിന് അനുകൂലമായിരുന്നു.

Back to top button
error: