IndiaNEWS

ജാക്കി തെന്നി മാറിയുള്ള അപകടങ്ങൾ പതിവ്, വാഹനങ്ങൾ ജാക്കിയിൽ ഉയർത്തി ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പച്ചക്കറി കയറ്റിവന്ന വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നി മാറി യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിക്ക് സമീപമായിരുന്നു അപകടം. വാഹനം യുവാവിൻ്റെ ദേഹത്തേയ്ക്ക് തെന്നി വീഴുകയായിരുന്നു. കോട്ടയം പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്സൽ (24) ആണ് മരിച്ചത്.

.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ജാക്കി തെന്നിമാറി വാഹനത്തിനിടയിൽ കുടുങ്ങി ദാരുണമായി മരണപ്പെടുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.

വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

1. റോഡിലോ റോഡരികിലോ ജാക്കി വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.

2. അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ 50 മീറ്ററെങ്കിലും മാറി റിഫ്ളക്റ്റീവ് വാർണിങ് ട്രയാംഗിൾ വെച്ച് വാഹനത്തിൻ്റെ ഹസാർഡസ് വാർണിങ്ങ് ലാമ്പ് പ്രവർത്തിപ്പിക്കുക.

3. രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ഉറപ്പാക്കുക.

4. വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്കി വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.

5. വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം

6. ഉർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ, വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.

7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം, പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.

8. ജാക്കികൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.

9. വാഹനത്തിൽ ജാക്കി വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്കി കൊള്ളിക്കുക.

10. ജാക്കികൾ (സ്ക്രു, ഹൈഡ്രോളിക്, ന്യൂമാറ്റിക്) ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.

11. വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) അല്ലെങ്കിൽ വലിയ കല്ല് വെച്ച് ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ.

Back to top button
error: