ശിശുദിനസ്റ്റാമ്പായി അക്ഷയ് വരച്ച ചിത്രങ്ങൾ തെരഞ്ഞെടുത്തു
ശിശുദിനസ്റ്റാമ്പ് -2022 രൂപകല്പന ചെയ്യുന്നതിലേയ്ക്കുള്ള ചിത്രമായി തിരുവനന്തപുരം ബാലരാമപുരം നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി അക്ഷയ് വി. എയുടെ ചിത്രം തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അറിയിച്ചു.
‘കൈകോര്‍ക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത 544 മത്സരാര്‍ത്ഥികളുടെ ചിത്രരചനയില്‍ നിന്ന് സംസ്ഥാന ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ നേമം പുഷ്പരാജ് ആണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്.
കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും സംസ്ഥാനത്തെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് വിവിധ സ്ഥാപനങ്ങളിലുമായി വില്പന നടത്തുന്നതിലേയ്ക്കായി ഒരു കോടി സ്റ്റാമ്പാണ് ഓരോ വര്‍ഷവും ശിശുദിനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്നത്.
ബാലരാമപുരം എം. സി. എൻ. ആർ. എ സ്ട്രീറ്റിൽ മുരുക ഭവനിൽ പി. വിജയകുമാർ- അനിത ദമ്പതികളുടെ ഏക മകനാണ് അക്ഷയ്. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ നടക്കും. ഒപ്പം അക്ഷയ് വി.എയും സ്കൂളിനെയും ആദരിക്കും.