ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാത്തതിനെ തുടര്‍ന്ന് വൈദ്യുതി ടവറില്‍ കയറി ആംആദ്മി പാര്‍ട്ടി നേതാവിന്റെ നാടകീയപ്രകടനം. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധിനഗറില്‍നിന്നുള്ള കൗണ്‍സിലറായ ഹസീബുല്‍ ഹസന്‍ ആണ് ടവറിന് മുകളില്‍ കയറിയത്.
കാര്യം അന്വേഷിച്ചെത്തിയ നിരവധിപേര്‍ നിലത്തിറങ്ങാന്‍ നേതാവിനെ നിര്‍ബന്ധിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. വരാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് തന്നില്ലെങ്കില്‍ താഴെയിറങ്ങില്ല എന്നുമായിരുന്നു കാരണംതിരക്കിയവരോടുള്ള മറുപടി.
സ്ഥാനാര്‍ഥിത്വം നല്‍കാതെ അവസാന നിമിഷത്തില്‍ പാര്‍ട്ടി തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസീബുല്‍ ഹസന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഹാജരാക്കിയ അസ്സല്‍ രേഖകള്‍ തനിക്ക് തിരികെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുമുമ്പും ഇത്തരം നാടകീയരംഗങ്ങളുണ്ടാക്കിയ നേതാവാണ് ഹസീബുല്‍ ഹസന്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഓവുചാല്‍ വൃത്തിയാക്കാനിറങ്ങുകയും തുടര്‍ന്ന് പാലില്‍ കുളിക്കുകയും ചെയ്ത് ഇദ്ദേഹം വാര്‍ത്തകളിലിടം നേടിയിരുന്നു.