KeralaNEWS

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്

 

തിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

Signature-ad

പ്രമേഹം, രക്താദിമര്‍ദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗനിര്‍ണയത്തിലെ കാലതാമസമാണ് പ്രമേഹത്തെ സങ്കീര്‍ണമാക്കുന്നത്. അതിനാല്‍ ശ്രദ്ധവേണം. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ‘പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ വൈകുന്നതും അതിന്റെ സങ്കീര്‍ണതകളെ കുറച്ചുള്ള അജ്ഞതയുമാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നത്. ആ അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐസിഎംആറും നടത്തിയ പഠനത്തില്‍ കേരളത്തില്‍ 35 ശതമാനത്തിലേറെ പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 15 ശതമാനം പേര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രമേഹത്തിന്റെ നിയന്ത്രണ നിരക്ക് 16 ആണ്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമേഹ നിയന്ത്രണ നിരക്ക് 50 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

 

Back to top button
error: