ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. അപകടസ്ഥലത്തുനിന്ന് കടന്ന ഡ്രൈവറെ 48 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.40നാണ് അപകടം നടന്നത്.
ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെ ഒരു യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു എന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടനെ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രവാസി മരണപ്പെട്ടിരുന്നു.
എന്നാല്‍ ഈ സമയത്തിനകം ഇടിച്ച വാഹനവുമായി ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. പിന്നീട് ഡ്രൈവരെ കണ്ടെത്താനായി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.