തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. ഒറിജിനല്‍ കത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിന് ലഭിച്ചത് കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. ഒറിജിനല്‍ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകൂ.
ഫൊറന്‍സിക് പരിശോധന നടത്താനും കത്തു ലഭിക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാകൂ എന്നും ക്രൈബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കത്ത് കണ്ടെത്താന്‍ കേസെടുത്ത് വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
തന്റെ പേരില്‍ പുരത്തു വന്ന കത്ത് വ്യാജമാണെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍, വിവാദ കത്ത് കണ്ടിട്ടില്ലെന്നും, തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. കത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് ആനാവൂര്‍ ക്രൈംബ്രാഞ്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയത്.
ആനാവൂര്‍ നാഗപ്പനെ ഇനി നേരില്‍ കണ്ട് മൊഴിയെടുക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. എസ്എടി ആശുപത്രിയിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും ഡി.ആര്‍ അനില്‍ തയാറാക്കിയ കത്തിന്റെ ഒറിജിനലും ലഭിച്ചില്ല. കത്തു തയ്യാറാക്കിയിരുന്നുവെന്നും, എന്നാല്‍ അതു കൈമാറിയിട്ടില്ലെന്നുമാണ് അനില്‍ വ്യക്തമാക്കിയിരുന്നത്.
മേയറുടെ കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചവരെയും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ സൈബര്‍ഡോമില്‍ സംവിധാനമുണ്ട്. അവിടെ പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടന്‍ ഉറവിടം കണ്ടെത്താം. എന്നാല്‍ വിവാദ കത്തിന്റെ പകര്‍പ്പും മറ്റും ഇതുവരെ സൈബര്‍ ഡോമിനും കൈമാറിയിട്ടില്ല.
അതേസമയം കത്തു വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കഴിഞ്ഞദിവസം മേയര്‍ ആര്യ രാജേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.