KeralaNEWS

ലക്ഷ്യം താനെങ്കില്‍ വിധികര്‍ത്താവാകാനില്ല; തീരുമാനം ഓര്‍ഡിനന്‍സ് പരിശോധിച്ച ശേഷം: ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍, തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വിധികര്‍ത്താവാകാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”ഓര്‍ഡിനന്‍സ് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂ. ഓര്‍ഡിനന്‍സ് തനിക്ക് മുന്‍പിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ സ്വാഗതം ചെയ്യുന്നു” ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. ഇന്നലെ ഗവര്‍ണര്‍ കൊച്ചിയിലേക്കു തിരിച്ചതിനു പിന്നാലെ രാവിലെ 11നാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിച്ചത്. സാധാരണ, മന്ത്രിസഭ പാസാക്കുന്നതിന്റെ പിറ്റേന്നു തന്നെ ഓര്‍ഡിനന്‍സ് എത്തിക്കാറുണ്ട്. ഇക്കുറി മൂന്നാം നാളാണ് ഫയല്‍ എത്തിച്ചത്. കൊച്ചി വഴി ഡല്‍ഹിക്കു പോയ ഗവര്‍ണര്‍ ഇനി 20 നേ മടങ്ങി വരൂ.

ഗവര്‍ണര്‍ എന്തു തീരുമാനമെടുത്താലും അടുത്ത മാസമാദ്യം നിയമസഭ ചേര്‍ന്ന് ഇതേ ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍, ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരിക്കെ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാകുമോ എന്ന നിയമപ്രശ്‌നം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യം കേരളത്തില്‍ മുന്‍പുണ്ടായിട്ടില്ലെന്നു നിയമവകുപ്പു സര്‍ക്കാരിനെ ധരിപ്പിച്ചു.

ഗവര്‍ണറുടെ പരിഗണനയിലിരിക്കെ ബില്‍ പാസാക്കാമെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുമ്പോഴും ആകാം എന്നാണു സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറെയും രാഷ്ട്രപതിയെയും മറികടന്നു നിയമസഭയില്‍ ബില്‍ കൊണ്ടുവന്നാലും അതു നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ഇതാണ് സര്‍ക്കാരിനെ കുരുക്കിലാക്കുന്നത്.

 

Back to top button
error: