തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെ നീരമണ്‍കരയില്‍ വച്ച് മര്‍ദിച്ച കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കറും അനീഷുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി നെയ്യാറ്റിന്‍കരയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഇരുവരെയും പിടികൂടിയിരുന്നു.
ചൊവ്വാഴ്ചയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ പ്രദീപിനു മര്‍ദനമേറ്റത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സിഗ്‌നല്‍ കാത്തുനിന്ന പ്രതികള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ച് പ്രദീപിനെ മര്‍ദിക്കുകയായിരുന്നു. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും ഇരുവരും പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. പിന്നീട് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ചൊവ്വാഴ്ച തന്നെ പ്രദീപ് കരമന പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് പ്രദീപ് തന്നെ തൊട്ടടുത്ത കടയില്‍നിന്ന് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പോലീസിനു കൈമാറുകയായിരുന്നു. കേസെടുക്കുന്നതില്‍ വീഴ്ചവരുത്തിയ എ.എസ്.ഐ: മനോജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്.ഐ: സന്ദനുവിനെതിരേ വകുപ്പുതല നടപടിക്കും സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടു.