LocalNEWS

ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് പറഞ്ഞ് ക്രൂരമര്‍ദനം: പ്രതികള്‍ ഒളിവില്‍

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ ഒളിവില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദീപിനാണ് നീറമണ്‍കരയില്‍വച്ച് മര്‍ദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ്, ജോലി കഴിഞ്ഞു മടങ്ങിയ പ്രദീപിനെ ചൊവ്വാഴ്ച മര്‍ദിച്ചത്. ഇവരെ പിന്നീട് തിരിച്ചറിഞ്ഞു.

കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കറും അനീഷുമാണ് പ്രതികള്‍. ഇവര്‍ ഒളിവിലെന്നും പോലീസ് അറിയിച്ചു. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സിഗ്‌നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. പിന്നീട് യുവാക്കള്‍ കടന്നുകളഞ്ഞു.

തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരമന പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയാറായില്ലെന്ന് പ്രദീപ് പറഞ്ഞു. പിന്നീട് പ്രദീപ് തന്നെയാണു തൊട്ടടുത്തുള്ള കടയില്‍നിന്ന് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിനു കൈമാറിയത്.

കേസില്‍ പ്രതികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടര്‍ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ പൊതുസ്ഥലത്ത് നടുറോഡില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത്. മറ്റ് വാഹനയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും റോഡ് ഉപയോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്തതിനാലാണ് നടപടി. പ്രതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിനോട് മോട്ടര്‍ വാഹന വകുപ്പ് അഭ്യര്‍ഥിച്ചു.

 

 

 

 

 

 

Back to top button
error: