പാലാ സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനം പാലൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ മണിക്കുട്ടന് എന്നു വിളിക്കുന്ന മനോജിനെ(39)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ 2022 ജനുവരി മാസം ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോകുകയും എന്നാൽ പറഞ്ഞ ജോലി നല്കാതെ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും ചെയ്തു. കൂടാതെ യുവതിയെ തിരിച്ച് നാട്ടിലേക്ക് പോരാൻ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു. യുവതിയുടെ മാതാവ് നല്കിയ പരാതിയെ തുടര്ന്ന് പാലാ പൊലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര് ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിക്കിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. അതറിഞ്ഞ് ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയി. തുടർന്നു നടത്തിയ തെരച്ചിലിനൊടുവിൽ ഇയാളെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകൾക്ക് വിദേശത്ത് സൗജന്യമായി ജോലി സംഘടിപ്പിച്ച് കൊടുക്കാമെന്ന് പരസ്യങ്ങൾ നൽകി, ഫോണ് നമ്പർ കരസ്ഥമാക്കിയ ശേഷം ഒറിജിനൽ ജോബ് വിസ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിസിറ്റിങ്ങ് വിസയിൽ ആളുകളെ ഗൾഫിലേക്ക് കയറ്റിവിടുകയായിരുന്നു. മനോജിനെതിരെ പെരുവന്താനം, മുണ്ടക്കയം, കൊട്ടാരക്കര, മണ്ണന്തല, പത്തനംതിട്ട എന്നീ സ്റ്റേഷനുകളില് നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഈ കേസില് വേറെയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.