KeralaNEWS

‘മെസഞ്ചിയാന’ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം, ഒരു ഇലക്ക് വില 600 രൂപ; വിജയകരമായ ഈ അലങ്കാര സസ്യകൃഷിയുമായി കണ്ണൂർ മാങ്ങാട്ടിടം ഗ്രാമത്തിൽ ഒരു പ്രവാസി മലയാളി

കേരളത്തില്‍ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ‘മെസഞ്ചിയാന’ കൃഷി പരമ്പരാഗത കൃഷി രീതികളെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയായി മാറിയിരിക്കുന്നു. പല വിദേശരാജ്യങ്ങളിലും ആഘോഷങ്ങ അലങ്കരങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത സസ്യയിനമാണ് മെസഞ്ചിയാന. ഉപയോഗം കൊണ്ടും വില കൊണ്ടും വിപണി കീഴടക്കിയ മെസഞ്ചിയാന കൃഷിയിലൂടെ കാര്‍ഷിക രംഗത്ത് വേറിട്ട പാത തുറക്കുകയാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന സംയുക്ത സംരംഭമായി ആയിത്തറ തട്ടുപറമ്പിലെ മൂന്നര ഏക്കര്‍ സ്ഥലത്ത് പ്രവാസിയായ കണ്ടോത്ത് സരേന്ദ്രനാണ് മെസഞ്ചിയാന കൃഷി ഇറക്കിയിരിക്കുന്നത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കയറ്റുമതി സാദ്ധ്യത മുന്നില്‍ കണ്ടാണ് കൃഷി തുടങ്ങിയത്. മൂന്നര ഏക്കറോളം റബ്ബര്‍ തോട്ടത്തില്‍ ഇടവിളയായി നട്ടുവളര്‍ത്തിയ പതിനായിരത്തോളം ചെടികൾ ഇപ്പോള്‍ വിപണിയില്‍ എത്തിക്കാന്‍ പാകമായി.

Signature-ad

വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമൊക്കെ പ്രധാന സ്ഥാനമാണ് മെസഞ്ചിയാനക്കുള്ളത്. 30 സെന്റി മീറ്ററിലേറെ വളരുന്ന ഇലക്ക് 600 രൂപയോളം വിലയുണ്ട്. പുഷ്പാലങ്കാരങ്ങള്‍ക്ക് പശ്ചാത്തലമായി ക്രമീകരിക്കാന്‍ ഉപയോഗിക്കാവുന്ന ഇലകളാണ് ഇവ. ബൊക്കകളിലും വേദി അലങ്കാരങ്ങള്‍ക്കും ‘മെസഞ്ചിയാന’ ഇലകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.

മാങ്ങാട്ടിടം കൃഷിഭവന്റെ സഹായത്തോടെ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം തോട്ടത്തില്‍ 13 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മ്മിച്ചാണ് ആവശ്യമായ വെള്ളം എത്തിക്കുന്നത്. ഇതിന് 75 ശതമാനവും സ്പ്രിംഗ്ലര്‍ സ്ഥാപിക്കാന്‍ 50 ശതമാനവും കൃഷിഭവന്‍ സബ്‌സിഡി അനുവദിച്ചിരുന്നു. വിപണി സാധ്യതയുള്ള മെസഞ്ചിയാന കൃഷി പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തും കൃഷിഭവനും.

‘മെസഞ്ചിയാന’ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ബാംഗ്ലൂരിലേക്കും കയറ്റി അയക്കുന്നുണ്ട്.
കൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി.ഗംഗാധരന്‍ നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ഷീന അധ്യക്ഷത വഹിച്ചു.

Back to top button
error: