Breaking NewsNEWS

കെ.ടി.യു വി.സി നിയമനം; സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി, ഗവര്‍ണര്‍ സാവകാശം തേടി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) യില്‍ ഡോ. സിസ തോമസിനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതിന് എതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. ഗവര്‍ണര്‍ നടത്തിയ നിയമത്തിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സാവകാശം തേടി.

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ നിയമ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

നിയമനത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ യു.ജി.സിയെ കക്ഷി ചേര്‍ത്തിട്ടുണ്ട്. വി.സിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി.

Back to top button
error: