LocalNEWS

വൈക്കത്തെ സി.പി.എം കൗണ്‍സിലരുടെ ജോലി തട്ടിപ്പ്; പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്

കോട്ടയം: വൈക്കത്തെ സി.പി.എം കൗണ്‍സിലരുടെ ജോലി തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കൗണ്‍സിലര്‍ കെ.പി. സതീശനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ജോലി തട്ടിപ്പ് പരാതികളുമായി രംഗത്തെത്തുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആശുപത്രിയില്‍ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് വൈക്കം ഉദയനാപുരം പുത്തന്‍തറയില്‍ റാണിഷ് മോളും ഭര്‍ത്താവ് പി.ആര്‍. അരുണ്‍കുമാറുമാണ് വൈക്കം പോലീസില്‍ പരാതി നല്‍കിയത്.

കെ.പി. സതീശന്‍, വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവരാണ് പണം വാങ്ങിയതെന്ന് റാണിഷ് മോളുടെ പരാതിയില്‍ പറയുന്നു. 7 ലക്ഷം രൂപ ആവശ്യപ്പെട്ടു. 1.50 ലക്ഷം മുന്‍കൂര്‍ വേണമെന്നും ബാക്കി തുക ജോലി കിട്ടിയിട്ടു മതിയെന്നും പറഞ്ഞു. 2021 ജൂലൈയില്‍ അക്ഷയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം 80,000 രൂപയും പിറ്റേ ദിവസം 70,000 രൂപയും നിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. ജോലിക്കുള്ള റാങ്ക് പട്ടികയില്‍ റാണിഷ് മോളുടെ പേരില്ലായിരുന്നു.

രാഷ്ട്രീയ നിയമനമാണെന്നും റാങ്ക് പട്ടികയില്‍ ഒരു കാര്യവുമില്ലെന്നും പ്രതികള്‍ പറഞ്ഞു. കോവിഡായതിനാല്‍ നിയമനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് പ്രതികള്‍ ധരിപ്പിച്ചത്.

Back to top button
error: