SportsTRENDING

നാണംകെട്ട തോൽവി പഴി മുഴുവൻ ബൗളർമാർക്ക്; അവസരത്തിനൊത്ത് ഉയരാൻ അവർക്ക് സാധിച്ചില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ൽസ് (86), ജോസ് ബട്‌ലർ (80) പുറത്താവാതെ നിന്നു. നേരത്തെ രോഹിത് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ കൂറ്റൻ തോൽവിയേറ്റുവാങ്ങിയത്. സെമിയിൽ പുറത്തായതിന് പിന്നാലെ കാരണം വ്യക്തമാക്കുകയാണ് രോഹിത്.

ബൗളർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ലെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ… ”കാര്യങ്ങൾ ഈ രീതിയിിൽ മാറിയതിൽ ഏറെ നിരാശയുണ്ട്. ടീം നന്നായി ബാറ്റ് ചെയ്ത്, മികച്ച സ്‌കോറുണ്ടാക്കാൻ സാധിച്ചു. എന്നാൽ ബൗളർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. നോക്കൗട്ട് മത്സരങ്ങളിൽ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യും, എന്നതുപോലെയിരിക്കും മത്സരഫലം. ടീമിലുള്ള എല്ലാവർക്കും സമ്മർദം അതിജീവിക്കാൻ അറിയാം. അത്രത്തോളം മത്സരപരിചയം ഓരോ താരങ്ങൾക്കുമുണ്ട്. എന്നാൽ ബൗളർമാർ തുടക്കം മുതൽ പതറിപ്പോയി. അതിന്റെ ക്രഡിറ്റ് ഇംഗ്ലണ്ട് ഓപ്പണർമാർക്കും അവകാശപ്പെട്ടതാണ്. അവർ നന്നായി കളിച്ചു. ആദ്യ ഓവർ മുതൽ സ്വിംഗ് ലഭിച്ചു. എന്നാൽ കൃത്യമായ രീതിയിൽ മുതലാക്കാൻ ബൗളർമാർക്ക് സാധിച്ചില്ല.” രോഹിത് മത്സരശേഷം പറഞ്ഞു.

Signature-ad

നേരത്തെ, വിരാട് കോലി (50), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും. പവർ പ്ലേയിൽ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റൺസാണ് അടിച്ചെടുത്തത്. ഒരിക്കൽ പോലും ഇന്ത്യൻ ബൗളർമാർക്ക് ഇംഗ്ലീഷ് ഓപ്പണർമാരെ വെല്ലുവിളിക്കാനായില്ല.

Back to top button
error: