അഡ്ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലിൽ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്സ് ഹെയ്ൽസ് (86), ജോസ് ബട്ലർ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63) എന്നിവരുടെ ഇന്നിംഗ്സാണ് തുണയായത്. ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.
പവർ പ്ലേയിൽ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റൺസാണ് അടിച്ചെടുത്തത്. ഒരിക്കൽ പോലും ഇന്ത്യൻ ബൗളർമാർക്ക് ഇംഗ്ലീഷ് ഓപ്പണർമാരെ വെല്ലുവിളിക്കാനായില്ല. 47 പന്തിൽ നാല് ഫോറും ഏഴ് സിക്സും ഉൾപ്പെടെയാണ് ഹെയ്ൽസ് 86 റൺസെടുത്തത്. ക്യാപ്റ്റൻ ബട്ലർ 49 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും നേടി. അഡ്ലെയ്ഡിൽ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. വോക്്സിന്റെ പന്ത് തേർഡ്മാനിലേക്ക് കളിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് ക്യാച്ച് നൽകി. അപ്പോൾ സ്കോർബോർഡിൽ ഒമ്പത് റൺസ് മാത്രമാണ് ഉണ്ടായിരുന്നു.
പിന്നാലെ കോലി- രോഹിത് സഖ്യം ക്രീസിൽ ഒത്തുചേർന്നതോടെ റൺസ് ഉയർന്നു. ഇരുവരും 46 റൺസ് കൂട്ടിചേർത്തു. എന്നാൽ രോഹിത്തിനെ (27) പുറത്താക്കി ജോർദാൻ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് പതിവ് ഫോമിൽ ഉയരാനാവില്ല. ആദിൽ റഷീദിന് വിക്കറ്റ്. ഇതിനിടെ കോലി മടങ്ങി. ജോർദാന്റെ പന്തിൽ റഷീദിന് ക്യാച്ച്. ഒരു സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ ഹാർദിക് കത്തികയറി. 29 പന്തിൽ ഹാർദിക് അർധ സെഞ്ചുറി പൂർത്തിയാക്കി. നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹാർദിക്കിന്റെ അർധ സെഞ്ചുറി. ജോർദാൻ എറിഞ്ഞ അവസാന ഓവറിൽ പന്ത് (6) റണ്ണൗട്ടായി. നാലും അഞ്ചും പന്തിൽ ഹാർദിക് സിക്സും ഫോറും നേടി. അവസാന പന്തിൽ ഹാർദിക് ഹിറ്റ് വിക്കറ്റാവുകയും ചെയ്തു. ക്രിസ് വോക്സ്, ആദിൽ റഷീദ് ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരിക്കേറ്റ ഡേവിഡ് മലാനും മാർക്ക് വുഡും കളിച്ചില്ല. ഫിലിപ് സാൾട്ടും ക്രിസ് ജോർദാനുമായിരുന്നു പകരക്കാർ. അതേസമയം ഇന്ത്യ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തിയിരുന്നില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് തുടർന്നു. ദിനേശ് കാർത്തിക് തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തായി.
ടീം ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്. ഇംഗ്ലണ്ട്: ജോസ് ബ്ടലർ, അലക്സ് ഹെയ്ൽസ്, ഫിലിപ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയീൻ അലി, സാം കറൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്സ്, ആദിൽ റഷീദ്.