LocalNEWS

സ്വർണ കടകളിൽ മോഷണം നടത്തുന്ന മാഫിയ സംഘത്തിലെ രണ്ടുസ്ത്രീകൾ അറസ്റ്റിൽ, തളിപ്പറമ്പിൽ നിന്ന് സ്വർണ വളകളുമായി മുങ്ങിയ ഇവർ കൊയിലാണ്ടിയിൽ വച്ചാണ് വലയിൽ കുടുങ്ങിയത്

സ്വർണ്ണ കടകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ കൊയിലാണ്ടിയിൽ വച്ച് പിടിയിലായി. കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ അറ്റ്ലസ് ജ്വലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വെച്ച് മോഷണശ്രമത്തിനിടെയാണ് പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവർ. ജ്വല്ലറി ഉടമ, കടയിലെക്ക് പ്രവേശിച്ച ഇവരെ മനസ്സിലാക്കുകയും കടയിൽ പിടിച്ചു വെക്കുകയുമായിരുന്നു. ഇതിൽ ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കടയിൽ തടഞ്ഞു വച്ച സ്ത്രീയെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പ് നഗരത്തിലെ  ജ്വലറിയിൽ ഇന്നലെ സ്വർണം വാങ്ങാനെത്തിയ ഈ സംഘം മൂന്ന് പവൻ്റെ വളകൾ മോഷ്ടിച്ച് കടന്നു കളഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വലറിയിൽ നിന്നാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ മോഷണം പോയത്. ബുധനാഴ്ച സന്ധ്യയോടെ രണ്ടു സ്ത്രീകൾ ജ്വലറിയിലെത്തി വളകൾ ആവശ്യപ്പെട്ടു. തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തിരയുന്നതിനിടയിൽ ജ്വലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്.

Signature-ad

വളകൾ ബാഗിൽ വയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ സമയം തന്നെ മറ്റൊരു സ്ത്രീയും സ്വർണം വാങ്ങാനെത്തി. ആദ്യം വന്ന സ്ത്രീ അവർക്കാവശ്യമുള്ള ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചുപോയി. അൽപ സമയത്തിനകം മറ്റേ സ്ത്രീയും സ്വർണം വാങ്ങാതെ തിരിച്ചു പോയി.
രാത്രി കണക്കെടുക്കുമ്പോഴാണ് മൂന്ന് വളകൾ കുറഞ്ഞതായി മനസിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങൾ ലഭിച്ചു. ജ്വലറിയുടെ പുറത്തെ സിസിടിവിയിൽ മൂന്ന് സ്ത്രീകളും ഒരുമിച്ച് വരുന്നതായി കാണുന്നുണ്ട്. എന്നാൽ ഇവർ ജ്വലറിയിലേക്ക് കയറിയത് ഒരുമിച്ചായിരുന്നില്ല.

ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38)ആനന്ദി (40) എന്നിവരാണ് ഇന്ന് കസ്റ്റഡിയിലായത്. തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയിൽ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇവരെ തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളിൽ ലോറികളിൽ സഞ്ചരിച്ചാണ് സ്ഥങ്ങൾ മനസ്സിലാക്കുന്നത്. ഇവർക്ക് പിന്നിൽ വൻ മാഫിയ ഉണ്ടെന്ന് പോലീസ് പറഞ്ഞു

Back to top button
error: