LocalNEWS

വനിതാ ഹോസ്റ്റലില്‍ വെന്റിലേഷന്‍ വഴി കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമം

തിരുവനന്തപുരം: നഗരത്തില്‍ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തിയതായി പരാതി. ഈഞ്ചയ്ക്കല്‍ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിനി കയറിയപ്പോള്‍ വെന്റിലേഷന് സമീപം ഫ്‌ലാഷിട്ട് മൊബൈല്‍ ഫോണ്‍ ഇരിക്കുന്നതു കണ്ടു. കുട്ടി ബഹളംവെച്ചതോടെ മൊബൈലുമായി ഒരാള്‍ ഓടിപ്പോയതായാണ് പരാതി. എന്നാല്‍, ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാര്‍ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.

Signature-ad

പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂര്‍ പോലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി.സി. ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

മ്യൂസിയത്തിനു മുന്നില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് അടുത്തിടെയാണ്. നൂറിലേറെ സി.സി. ടിവി ദൃശ്യങ്ങളും മൊബൈല്‍ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയ തെളിവുകള്‍ ഉറപ്പിച്ചാണ് അന്ന് പോലീസ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ വനിതാ ഹോസ്റ്റലിനുള്ളിലെ സംഭവം. എന്നാല്‍, ഈ സംഭവത്തിലുള്‍പ്പെട്ടയാളിന്റെ രൂപംപോലും പരാതിക്കാരി കാണാത്തത് പോലീസിനു വെല്ലുവിളിയാകും.

 

Back to top button
error: