Breaking NewsNEWS

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആത്മഹത്യചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍; സഹോദരന്റെ മൊഴി അന്വേഷണം

തിരുവനന്തപുരം: ഇടത് സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കുണ്ടമണ്‍കടവില്‍ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരന്‍ മൊഴി നല്‍കി. പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്‌തെന്നും സഹോദരന്‍ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കി. പ്രശാന്തിന്റെ രഹസ്യമൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സന്ദീപാനന്ദഗിരിയുടെ ആശ്രമം 2018 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെയാണ് തീവച്ചു നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിരുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അനന്തര നടപടികളും മരവിച്ചു. ഇതിനിടെയാണ് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രശാന്ത് എന്നയാള്‍ മൊഴി നല്‍കിയത്.

Signature-ad

അതേസമയം, സി.പി.എമ്മിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ഈ ആശ്രമം ഔഷധിയുടെ വെല്‍നെസ് സെന്ററിനു വേണ്ടി ഏറ്റെടുക്കാന്‍ നീക്കമുണ്ട്. തിരുമല കുണ്ടമന്‍കടവില്‍ കരമനയാറിന്‍െ്‌റ തീരത്ത് 73 സെന്റില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തെ വെല്‍നെസ് സെന്ററായി മാറ്റാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ അടുത്തിടെ പൂര്‍ത്തിയായി. ഔഷധി മാനേജിങ് ഡയറക്ടര്‍ ഡോ. ഹൃദിക് ആശ്രമം സന്ദര്‍ശിച്ച് വെല്‍നസ് സെന്ററിന് അനുയോജ്യമായ സ്ഥലമാണെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ആയുര്‍വേദ കേന്ദ്രത്തിനു വേണ്ട സൗകര്യങ്ങളും അന്തരീക്ഷവും ആശ്രമത്തില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്.

 

Back to top button
error: