KeralaNEWS

വി.സിമാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെയാണ് നടപടി തടഞ്ഞുള്ള ഹൈക്കോടതി തീരുമാനം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് വി.സിമാരെല്ലാം മറുപടി നല്‍കി. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കാരണംകാണിക്കല്‍ നോട്ടീസിന്റെ തുടര്‍ച്ചയായി വി.സിമാരെ പുറത്താക്കാനുള്ള നടപടിയിലാണ് കോടതി ഇടപെട്ട് ഗവര്‍ണര്‍ക്ക് കാത്തിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ വി.സിമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്തിമ തീര്‍പ്പ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം.

കേസില്‍ അടുത്ത ബുധനാഴ്ചയാണ് വിശദമായ വാദം ഹൈക്കോടതി കേള്‍ക്കുക. അതുവരെ എല്ലാ നടപടികളും മരവിപ്പിച്ചാണ് കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടിയില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് വിസിമാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പല വിസിമാര്‍ക്കും ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കാന്‍ തയ്യാറല്ല. ഇക്കാര്യം കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തന്നെ ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ അഭിഭാഷകന്‍ വഴി അറിയിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം വിസിമാര്‍ക്ക് എടുക്കാമെന്നും ഒരാളും ചാന്‍സലറെ നേരിട്ട് കാണണമെന്ന് കോടതി നിര്‍ദേശിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

 

 

 

Back to top button
error: