ഗിനിയില്‍ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫിസര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫിസര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫിസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സനുവിനെ ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി. സനുവിനെ നൈജീരിയന്‍ നാവികസേനയ്ക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്. നോര്‍വേ ആസ്ഥാനമായ ‘ഹീറോയിക് ഐഡം’ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.
കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മലയാളി ഓഫിസര്‍ അറസ്റ്റിലായത്. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 അംഗ സംഘമാണ് ഗിനിയില്‍ തടവിലുള്ളത്.
നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.